കൊച്ചി:കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിട്ടിയുടെ അധികാരപരിധി വിപുലീകരിക്കാനും ഗോശ്രീ ബസുകളുടെ നഗരപ്രവേശനം സാദ്ധ്യമാക്കുന്നതിനും കെ.എം.ടി.എയുടെ പ്രഥമ യോഗം തീരുമാനിച്ചു.

1.കൊച്ചിയിലെ എല്ലാ വിഭാഗം ഗതാഗതസംവിധാനങ്ങളെയും കോർത്തിണക്കുന്ന കൊച്ചി ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക്ക് നടപ്പാക്കും.

2.കെ.എം.ടി.എ യുടെ പ്രവർത്തന പരിധിയിൽ ജി.സി.ഡി.എ , ജി.ഐ.ഡി.എ പ്രദേശങ്ങളും ഉൾപ്പെടുത്തി വിപുലീകരിക്കും.

3.പബ്ലിക് ട്രാൻസ്പോർട്ട് ഓപ്പറേറ്റേഴ്സ് കമ്മിറ്റി, അർബൻ ഫ്രൈറ്റ് കമ്മിറ്റി, സിറ്റി ട്രാൻസ്പോർട്ട് അഡ്വൈസറി കമ്മിറ്റി, ട്രാഫിക് ഇന്റഗ്രേഷൻ കമ്മിറ്റി, ഇന്റഗ്രേറ്റഡ് ലാൻഡ് യൂസ് ആന്റ് ടൗൺ പ്ലാനിംഗ് കമ്മിറ്റി എന്നിവ രൂപീകരിക്കും.

4. നോർത്ത് - സൗത്ത് റെയിൽ സ്‌റ്റേഷനുകളെ നടപ്പാത വഴി ബന്ധിപ്പിക്കൽ, കൊച്ചി അനുസ്യൂതയാത്രാ പദ്ധതി, യന്ത്രേതരഗതാഗത പദ്ധതി എന്നിവയിൽ കെ.എം.ടി.എ. നേതൃത്വപരമായ പ്രാതിനിധ്യം വഹിക്കും.

നഗരസഭയെ ഉൾപ്പെടുത്തണം

നഗരത്തിന്റെ ഗതാഗത വികസന പദ്ധതികൾക്കെല്ലാം കെ.എം.ടി.എ. മുൻകൈ എടുക്കണമെന്നും എല്ലാ സമിതികളിലും കൊച്ചി കോർപ്പറേഷന്റെ പ്രാതിനിദ്ധ്യം ഉണ്ടാകണമെന്നും മേയർ എം. അനിൽ കുമാർ അഭിപ്രായപ്പെട്ടു. ഓൺലൈൻ ആയി നടന്ന യോഗത്തിൽ കെ.എം.ടി.എയുടെ അദ്ധ്യക്ഷൻ കൂടിയായ ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ,വിദഗ്ദ്ധ അംഗങ്ങളായ ഒ.പി അഗർവാൾ, രവി രാമൻ, ജോൺ മാത്യു, ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതി ലാൽ, കെ.എം.ടി.എ. സി.ഇ.ഒ ജാഫർ മാലിക്, ജില്ലാ കളക്ടർ എസ്. സുഹാസ്, ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ രാജീവ് പുത്തലത്ത്, അസി. കമ്മിഷ്ണർ ടി.ബി വിജയൻ, ചീഫ് ടൗൺ പ്ലാനർ ജിജി ജോർജ്ജ്, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ റെജി പി. വർഗീസ്, ജില്ലാ സീനിയർ ടൗൺ പ്ലാനർ കെ.എം ഗോപകുമാർ എന്നിവർ പങ്കെടുത്തു.