online-class

കൊച്ചി: ഓൺലൈൻ ക്ലാസുകളുടെ മറവിൽ ഇലക്ട്രോണിക്സ് മാദ്ധ്യമങ്ങളിലൂടെ സെക്സ് - മയക്കുമരുന്ന് റാക്കറ്റുകൾ വിദ്യാർത്ഥികൾക്കിടയിൽ നുഴഞ്ഞുകയറുന്നതായി വ്യാപകപരാതി.

സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്ന പരാതിയും മാതാപിതാക്കൾ കടിച്ചമർത്തുന്ന വേദനകളും സമൂഹത്തെ ഞെട്ടിക്കുന്നതാണ്. പലതും പുറത്തു പറയാനാവാത്തതിനാൽ നിയമസംവിധാനങ്ങളും നോക്കുകുത്തിയാവുന്നു.

അടുത്തിടെ ഒരു പത്താം ക്ലാസുകാരിയുമായി റബർ തോട്ടത്തിൽ സംഗമിച്ച കാസർകോട് സ്വദേശിയെ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി കൈയോടെ പിടികൂടിയ സംഭവം എറണാകുളം ജില്ലയിലുണ്ടായി. കുറ്റിക്കാട്ടിലെ അസാധാരണമായ അനക്കവും അടക്കം പറച്ചിലും ശ്രദ്ധയിൽപ്പെട്ടവരാണ് പൊലീസിൽ വിവരം അറിയിച്ചത്. പിടിയിലായ യുവാവിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണിൽ നിന്ന് പെൺകുട്ടിയുമായുള്ള സ്വകാര്യ നിമിഷങ്ങളുടെ വീഡിയോയും കണ്ടെടുത്തു. ഫോൺ ഇപ്പോഴും പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. മാതാപിതാക്കൾ കൂലിപ്പണിക്കുപോയ സമയത്ത് മൊബൈൽ ഫോണിലൂടെ ഓൺലൈൻ ക്ലാസിൽ പഠിച്ചുകൊണ്ടിരുന്ന പെൺകുട്ടിയാണ് കാസർകോട് നിന്ന് കാമുകനെ ക്ഷണിച്ചുവരുത്തിയത്.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളൽ നിന്ന് ലഭിക്കുന്ന വിവരം. ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പൊലീസിന് മാത്രമല്ല, അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും പരിമിതികളുണ്ട്. പുതിയ സാഹചര്യത്തിൽ ഇരകളും വേട്ടക്കാരുമല്ല, ക്രൂശിക്കപ്പെടുന്നത് രക്ഷിതാക്കളാണെന്നതും ശ്രദ്ധേയമാണ്. മക്കളെ വഴക്കുപറയാനുമാവില്ല, തെറ്റായ പ്രവണതകൾ കണ്ടില്ലെന്നു നടിക്കാനുമാവില്ല. മൊബൈൽ ഫോണിന്റെയും സാമൂഹ്യമാദ്ധ്യമങ്ങളുടെയും ഉപയോഗം സംബന്ധിച്ച് സാങ്കേതികപരിജ്ഞാനമില്ലാത്ത രക്ഷിതാക്കളാണ് ചതിക്കപ്പെടുന്നവരിൽ ഏറെയും.

മൊബൈൽ ഫോൺ, കമ്പ്യൂട്ടർ ഉപയോഗം എന്നിവ കൃത്യമായി നിരീക്ഷിക്കാൻ അറിവില്ലാത്തതിനാൽ കുട്ടികൾ പറയുന്നതെന്തും അപ്പാടെ വിശ്വസിക്കാൻ നിർബന്ധിതരാവുകയാണ്. കുഴപ്പക്കാരായവരെക്കുറിച്ച് സംശയം പ്രകടിപ്പിക്കുകയോ ഫോൺ വാങ്ങി പരിശോധിക്കാനോ മുതിർന്നാൽ ആത്മഹത്യ, ഒളിച്ചോട്ടം തുടങ്ങിയ ഭീഷണികളുയരും. അതുകൊണ്ടുതന്നെ പലതും മനസിലായിട്ടും പൊലീസിൽ പോലും പരാതി നൽകാനാവാതെ വിഷമിക്കുന്ന മാതാപിതാക്കളുമുണ്ട്.

പരിഹാരം തേടി മാതാപിതാക്കൾ

കുട്ടികളിൽ പ്രകടനമാകുന്ന പുതിയ പ്രവണതകളിൽ അസ്വസ്ഥരാകുന്ന മാതാപിതാക്കൾ പ്രശ്നപരിഹാരംതേടി തങ്ങളെ സമീപിക്കാറുണ്ടെന്ന് എറണാകുളത്തെ ഒരു യോഗപരിശീലകനും വെളിപ്പെടുത്തി. പരസ്യമായി പറഞ്ഞാൽ ഓൺലൈൻ ക്ലാസുകൾ മുഴുവൻ മോശമാണെന്നോ എല്ലാ വിദ്യാർത്ഥികളും കുഴപ്പക്കാരാണെന്നോ ദുർവ്യാഖ്യാനമുണ്ടാകും. കുഴപ്പക്കാരെ മാത്രം കണ്ടുപിടിച്ചാലും മാനക്കേടിന്റെ പേരിൽ പലകുടുംബങ്ങളും അപകടത്തിലാകുമെന്ന ദുര്യോഗമുണ്ടെന്നും യോഗ അദ്ധ്യാപകൻ പറഞ്ഞു.

സെക്സ് റാക്കറ്റുകളും മയക്കുമരുന്ന് ലോബിയുമാണ് ഓൺലൈൻ ക്ലാസുകളുടെ അനുകൂലസാഹചര്യം മുതലെടുത്ത് ചൂഷണം നടത്തുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് വിരുതന്മാരായ വിദ്യാർത്ഥികൾ വിലസുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.