മൂവാറ്റുപുഴ: വിശപ്പ് രഹിത മൂവാറ്റുപുഴ നഗരം പദ്ധതിയുടെ ഭാഗമായി നിർദ്ധനർക്കായി റിപ്പബ്ലിക് ദിനം മുതൽ നഗരസഭ ചെയർമാന്റെ സൗജന്യ ഊണ് റെഡി. തെരുവിൽ അലയുന്നവർക്കും കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ടവർക്കും നഗരത്തിലെത്തി ഭക്ഷണം കഴിക്കാൻ പണമില്ലാതെ ബുദ്ധിമുട്ടുന്നവർക്കുമായാണ് ചെയർമാൻവക ഊണ് നൽകുന്നത് . ചെയർമാൻ പി.പി. എൽദോസിന്റെ സ്വകാര്യഫണ്ടാണ് ഇതിനായി ഉപയോഗിക്കുന്നത്. ചെയർമാന് ലഭിക്കുന്ന അലവൻസും ഓണറേറിയവും ഇതിനായി നീക്കിവയ്ക്കും. സുമനസുകളുടെ സഹായവും സ്വീകരിക്കും.
ഊണ് ആവശ്യമുള്ളവർക്ക് എല്ലാ ദിവസവും രാവിലെ 11മുതൽ ഉച്ചയ്ക്ക് 2 വരെ നഗരസഭാ ഓഫീസിൽ നിന്ന് കൂപ്പൺ സൗജന്യമായി നൽകും. ഈ കൂപ്പൺ ഉപയോഗിച്ച് നഗരസഭാ കാന്റീനിൽ നിന്ന് ഭക്ഷണം കഴിക്കാൻ സൗകര്യം ഒരുക്കും. ജീവകാരുണ്യസാമൂഹിക പ്രവർത്തനങ്ങളുടെ തുടക്കമെന്ന നിലയിലാണ് ഉച്ചഭക്ഷണ പരിപാടിക്ക് രൂപം നൽകിയിരിക്കുന്നതെന്നും ചെയർമാൻ വ്യക്തമാക്കി.