seafood

കൊച്ചി: ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്നങ്ങളുടെ പരിശോധന ചൈന കർശനമാക്കിയതോടെ,കയറ്റുമതി പ്രതിസന്ധിയിൽ. മൂന്നു ദിവസം കൊണ്ട് പൂർത്തിയാകേണ്ട നടപടികൾ 15 ദിവസം വരെ നീണ്ടതോടെ കണ്ടെയ്‌നറുകൾക്കും ക്ഷാമം.

അതിർത്തി പ്രശ്നങ്ങളും ആപ്പുകൾ നിരോധിച്ചതുമാണ് ചൈനയുടെ നടപടിക്ക് പിന്നിലെന്നാണ് സൂചനകൾ. ഒരു കമ്പനിയെ വിലക്കിയതിന് പിന്നാലെയാണ് പുതിയ നീക്കം.

ഇന്ത്യൻ സമുദ്രോത്പന്നങ്ങളുടെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയാണ് ചൈന. ഓർഡറുകൾ കുറഞ്ഞിട്ടില്ലെങ്കിലും ഇടപാടുകൾക്ക് കൂടുതൽ സമയമെടുക്കുന്നത് പ്രതിസന്ധി സൃഷ്ടിച്ചതായി അധികൃതർ പറഞ്ഞു. കണവ മത്സ്യത്തിന്റെ പായ്ക്കറ്റിൽ കൊവിഡ് വൈറസ് കണ്ടെത്തിയെന്ന പേരിൽ ഡിസംബർ 13 ന് ആന്ധ്രയിലെ കമ്പനിയെ ചൈന ഒരാഴ്ച വിലക്കിയിരുന്നു. തുടർന്നാണ് പരിശോധന കർശനമാക്കിയത്.കണ്ടെയ്‌നറുകൾ തിരികെ കിട്ടാൻ വൈകുന്നതിനാൽ ഷിപ്പിംഗ് കമ്പനികൾ ചൈനയിലേക്ക് ചരക്ക് അയയ്ക്കാൻ മടിക്കുന്നു.

പരിശോധനകളും കണ്ടെയ്‌നർ ക്ഷാമവും മൂലം ഒക്ടോബർ മുതൽ ലഭിച്ച ഓർഡർ പ്രകാരം ചരക്കയയ്ക്കാൻ കഴിയുന്നില്ലെന്ന് കയറ്റുമതിക്കാർ പറഞ്ഞു. ഇത് വിലയിടിവിനും പേമെന്റ് വൈകാനും കാരണമായി. ചൈനയിലേയ്ക്ക് ഏറ്റവുധികം കയറ്റുമതി നടത്തുന്ന ഗുജറാത്ത്, കേരള കമ്പനികളെയാണ് ഇത് ഏറെ ബാധിച്ചത്. ഓർഡറുകൾ നഷ്ടപ്പെട്ടിട്ടില്ലെങ്കിലും സമയത്തിന് നൽകാൻ കഴിഞ്ഞില്ലെങ്കിൽ വലിയ വിപണി നഷ്ടമാകുമെന്ന് ആശങ്കയുണ്ട്.പരിശോധനകളുടെ കാലതാമസം ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ചൈനയുമായി ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും സ്ഥിതി മെച്ചപ്പെട്ടിട്ടില്ല.

രാഷ്ട്രീയ നീക്കമോ?..

കർശന പരിശോധനകൾ നടത്തി വൈറസുകളില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് സമുദ്രോത്പന്നങ്ങൾ കയറ്റുമതി നടത്തുന്നത്. 25 ദിവസമെടുത്താണ് ചൈനയിലെത്തുക. അത്രയും ദിവസം കൊവിഡ് വൈറസ് നിലനിൽക്കില്ല. ഇന്ത്യക്കെതിരായ രാഷ്ട്രീയ നീക്കമാണ് ചൈനയുടേതെന്ന് സംശയിക്കുന്നു..

*ഒരു തവണ മാത്രമാണ് വൈറസ് കണ്ടെത്തിയത്. എങ്കിലും ചരക്കെടുക്കാൻ വൈകുന്നതിൽ ആശങ്കയുണ്ട്'.

-അലക്‌സ് കെ. നൈനാൻ

മേഖലാ പ്രസിഡന്റ്

സീഫുഡ് എക്സ്‌പോർട്ടേഴ്സ്

അസോസിയേഷൻ

ചെൈനയിലേക്ക്

കയറ്റുമതി

2017 18 :-1,448.03 കോടി

2018 19 :- 5,672.76 കോടി