തൃക്കാക്കര : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ നടത്തിയ ജോബ് ഡ്രൈവിനെതിരെ പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകി. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ഉദ്യോഗാർത്ഥികളെ വിളിച്ചു വരുത്തിയ സംഭവത്തിലാണ് ജില്ലാ കളക്ടർ,സംസ്ഥാന പൊലീസ് മേധാവി എന്നിവർക്ക് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയത്. സംസ്ഥാനത്തെ പ്രമുഖ കമ്പനികളിലേക്ക് ജോലിക്ക് ആളെ എടുക്കുന്നതിന്റെ ഭാഗമായാണ് ജോബ് ഡ്രൈവ് നടത്തിയത്. സോഷ്യൽ മീഡിയയിലൂടെ വിവരമറിഞ്ഞ് ഉദ്യോഗാർത്ഥികൾ ഒഴുകിയെത്തിയതോടെയാണ് കൊവിഡ് മാർഗനിർദേശങ്ങൾ താളം തെറ്റിയത്. ഉദ്യോഗാർത്ഥികളെ നിയന്ത്രിക്കാൻ ഉദ്യോഗസ്ഥർക്കും കഴിഞ്ഞിരുന്നില്ല.
എറണാകുളം ജില്ലക്ക് പുറമെ ഇടുക്കി.തൃശൂർ,ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നും ഉദ്യോഗാർത്ഥികൾ എത്തിയിരുന്നു. ശനിയാഴ്ച രാവിലെയാണ് ജോബ് ഡ്രൈവ് നടന്നത്. ഉദ്യോഗാർത്ഥികൾ ഒമ്പത് മണിമുതൽ തന്നെ എംപ്ലോയ്മെന്റ് സെന്ററിൽ എത്തിയിരുന്നു. പതിനൊന്ന് മണിയായതോടെ തിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയായി. തുടർന്ന് ജോബ് ഡ്രൈവ് മൂലം കളക്ടറേറ്റിൽ കൊവിഡ് മാർഗനിർദേശ ലംഘനം നടക്കുന്നതായി സുരക്ഷാ ജീവനക്കാരും, പൊലീസ് രഹസ്യാനേഷണ വിഭാഗവും ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ പെടുത്തി. പിന്നീട് അഭിമുഖം ഇവിടെ നിന്നും മാറ്റാൻ കളക്ടർ നിർദേശം നൽകുകയായിരുന്നുു. ഇത് പരിഗണിച്ച് ഉദ്യോഗസ്ഥർ ജോബ് ഡ്രൈവ് നഗരസഭ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിയെങ്കിലും ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ എത്തിയതോടെ ഇവിടെയും നിറഞ്ഞു കവിയുകയായിരുന്നു.