കൊച്ചി: പ്രൊഫ.കെ.വി.തോമസ് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ സജീവമാകും. തോൽവി അറിയാതെ നാലു തവണ ലോക് സഭയിലെത്തുകയും രണ്ടു തവണ കേന്ദ്രമന്ത്രിയാവുകയും ചെയ്ത തോമസ്, രണ്ടു തവണ നിയമസഭാംഗമാവുകയും ഒരു തവണ മന്ത്രിയാവുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം കേന്ദ്ര മന്ത്രിയായിരിക്കേയാണ് ഭക്ഷ്യസുരക്ഷാനിയമം അവതരിപ്പിച്ച് നടപ്പാക്കിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചശേഷം പാർട്ടിയിൽ തീർത്തും അവഗണിക്കപ്പെട്ടതാണ് അദ്ദേഹത്തെ ക്ഷുഭിതനാക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാറിനിൽക്കാൻ തയ്യാറാണെന്ന് അദ്ദേഹം ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. എന്നാൽ, സീറ്റിന് വേണ്ടി കരുനീക്കം നടത്തിയെന്ന് പാർട്ടിയിലെ ഒരുവിഭാഗം പ്രചരിപ്പിച്ചു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ വരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. ഡൽഹിയിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തിയെങ്കിലും പാർട്ടി അവഗണന തുടർന്നു. വാഗ്ദാനം ചെയ്ത എ.ഐ.സി.സി പദവി ലഭിച്ചില്ല. യു.ഡി.എഫ് കൺവീനർ സ്ഥാനത്തേയ്ക്ക് പരിഗണിച്ചില്ല. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞുകിടന്നിട്ടും നൽകിയില്ല. പാർട്ടി യോഗങ്ങളിലും പരിപാടികളിലും അവഗണന തുടർന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ തട്ടകമായ കൊച്ചിയിൽ നിർദ്ദേശിച്ച യുവനേതാവിന് മത്സരിക്കാൻ അവസരം നൽകിയില്ല.ഇത്തരം കാര്യങ്ങളിൽ മനംനൊന്താണ് പാർട്ടി വിടുകയെന്ന ചിന്തയിലേക്ക് അദ്ദേഹം നീങ്ങിയത്. കേന്ദ്ര,സംസ്ഥാന നേതൃത്വം ഇടപെട്ടതോടെയാണ് കെ.വി.തോമസ് തണുത്തത്. സോണിയാഗാന്ധി നേരിട്ടു വിളിക്കുകയും ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഇടപെടുകയും ചെയ്തു. ദേശീയ നേതാക്കളായ അശോക് ഗെലോട്ട്, താരിഖ് അൻവർ, കെ.സി. വേണുഗോപാൽ എന്നിവർ ചർച്ച നടത്തുകയും ചെയ്തതോടെ മുതിർന്ന നേതാവെന്ന പരിഗണന ലഭിച്ചു. പാർട്ടിയിൽ സജീവമാവുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.