vadakkekara-mathram-
കുഞ്ഞിത്തൈ പതിനെട്ടാം വാർഡിലെ സ്നേഹ വനിതാ ഗ്രൂപ്പിന്റെ മധുരക്കിഴങ്ങ് കൃഷിയിടത്തിലെ വിളവെടുപ്പ്.

പറവൂർ: വടക്കേക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും മധുരക്കിഴങ്ങ് കൃഷിയെന്ന ലക്ഷ്യത്തോടെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ നടത്തിയ മധുരക്കിഴങ്ങ് കൃഷിയുടെ വിളവെടുത്ത് തുടങ്ങി. ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത ഭൂകൃഷ്ണ, കാഞ്ഞങ്ങാട്, ശ്രീഅരുൺ എന്നീ ഇനങ്ങളാണ് കൃഷിചെയ്തത്. ആദ്യഘട്ടം എണ്ണായിരത്തോളം വള്ളികൾ വിതരണം ചെയ്തിരുന്നു. മൂന്നുമാസം മുമ്പ് ആരംഭിച്ച കൃഷിയുടെ വിളവെടുപ്പായതോടെ പഞ്ചായത്തിലെ വീടുകളുടെ മുറ്റങ്ങളിൽ മധുരക്കിഴങ്ങ് വിളഞ്ഞുകഴിഞ്ഞു. സംസ്ഥാനത്താദ്യമായാണ് ഒരു പഞ്ചായത്തിലെ എല്ലാ വീടുകളിലും മധുരക്കിഴങ്ങ് കൃഷി പദ്ധതിയായ സി.ടി.സി.ആർ.ഐ നടപ്പിലാക്കിയത്.

കുഞ്ഞിത്തൈ പതിനെട്ടാം വാർഡിലെ സ്നേഹ വനിതാഗ്രൂപ്പിന്റെ മധുരക്കിഴങ്ങ് കൃഷിയിടത്തിലെ വിളവെടുപ്പ് വാർഡ് മെമ്പർ അജിതാ ഷൺമുഖൻ ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് എസ്.കെ. ഷിനു, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. തീരദേശ മേഖലയായ കുഞ്ഞിത്തൈയിലെ ഉപ്പുകലർന്ന മണ്ണിൽ മധുരക്കിഴങ്ങ് കൃഷി വിജയകരമാക്കിയത് ഒരു കൂട്ടംവനിതാ കർഷകരാണ്.