കിഴക്കമ്പലം: ആദ്യമായി പുക്കാട്ടുപടി ജംഗ്ഷനിലെത്തുന്നവർ പുറത്തുകടക്കാൻ കഷ്ടപ്പെടും. ആലുവ, എറണാകുളം,പെരുമ്പാവൂർ ഭാഗങ്ങളിലേക്ക് പോകുന്നതിനായി കിഴക്കമ്പലം ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങളടക്കം പുക്കാട്ടുപടി വള്ളത്തോൾ ജംഗ്ഷനിലെത്തിയാൽ പുറത്ത് കടക്കാൻ കറങ്ങാതെ നിവർത്തിയില്ല. വായനശാല ജംഗ്ഷനിൽ നിന്നും ബൈപ്പാസ് റോഡും പ്രധാനറോഡും സമാന്തരമായി പുക്കാട്ടുപടി ജംഗ്ഷനിലേക്കാണ് എത്തുന്നതെങ്കിലും വാഹനയാത്രക്കാർക്ക് ഇക്കാര്യം പിടികിട്ടാൻ പണിയാണ്. ഇക്കാരണത്താൽ ഏത് റോഡിലൂടെയാണ് തങ്ങൾക്ക് പോകേണ്ട സ്ഥലത്ത് എത്തേണ്ടതെന്ന് അറിയാത്ത അവസ്ഥയിൽ വാഹനങ്ങൾ തലങ്ങുംവിലങ്ങും സഞ്ചരിക്കുകയാണ്.
# മൂന്നുഭാഗങ്ങളിലേക്കും തിരിയുന്ന വഴി
പ്രധാനറോഡും ബൈപാസ് റോഡും സംഗമിക്കുന്നിടത്തുനിന്നും മൂന്നു ഭാഗങ്ങളിലേയ്ക്കും വഴികൾ തിരിയുന്നുണ്ട്. ഇവിടെ ദിശാബോർഡുകളുമില്ല. ഇതാണ് വാഹനയാത്രക്കാരെ കുരുക്കുന്നത്. വാഹനങ്ങളുടെ സ്പീഡ് നിയന്ത്റിക്കാനുള്ള ഒരു സംവിധാനവും ഇവിടെ ഏർപ്പെടുത്തിയിട്ടില്ല. ഇക്കാരണത്താൽ ബൈപ്പാസ് റോഡിലെ കുത്തനെയുള്ള ഇറക്കത്തിൽ അമിതവേഗതയിൽ പാഞ്ഞെത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. എറണാകുളത്തുനിന്ന് പുക്കാട്ടുപടി ടൗൺ സർവീസുകൾ അവസാനിക്കുന്നതും ഇവിടെയാണ്. ജംഗ്ഷൻചുറ്റി ബൈപ്പാസ് റോഡുവഴി തിരിച്ചുവരേണ്ട ബസുകൾ കുരുക്ക് മുറുകിയ ജംഗ്ഷനിലിട്ട് തിരിക്കുന്നതും മണിക്കൂറുകളുടെ ഗതാഗതക്കുരുക്കിനും കാരണമാകാറുണ്ട്. ജംഗ്ഷൻ വികസനം സാദ്ധ്യമല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.
# വികസനത്തിൽ ഇരട്ടത്താപ്പ്
പുക്കാട്ടുപടി ടൗൺ എടത്തല പഞ്ചായത്തിലും തൊട്ടുചേർന്ന സമീപ പ്രദേശങ്ങൾ കിഴക്കമ്പലം പഞ്ചായത്തിലുമാണ്.എടത്തല പഞ്ചായത്തിന്റെ അതിർത്തിയായി മാറിയതോടെ വികസനമെത്തിക്കുന്ന കാര്യത്തിൽ ഇരട്ടത്താപ്പ് നയമാണ് മാറിമാറി വരുന്ന ഭരണസമിതികൾക്കുള്ളത്. വായനശാല കേന്ദ്രീകരിച്ച് നേരത്തെ എടത്തല, കിഴക്കമ്പലം പഞ്ചായത്തുകളിലെ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് ടൗൺ വികസനസമിതി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചെങ്കിലും രാഷ്ട്രീയ ഇടപെടൽ ശക്തമായതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. ഇനി പ്രതീക്ഷ കിഴക്കമ്പലം ട്വന്റി20യുടെ ഭരണ സമിതിയിലാണ്.
# കാൽനടക്കാരെ ദൈവം കാക്കണം
ഇവിടെ കാൽനട യാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. കാൽനട യാത്രക്കാർ ജംഗ്ഷനിൽപ്പെട്ടാൽ വാഹനമിടിക്കാതെ ഏതുവഴി മാറണമെന്നറിയാതെയും നെട്ടോട്ടമോടുകയാണ്. പ്രധാന ജംഗ്ഷൻ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് വീതി കൂട്ടിയാൽ പ്രധാന റോഡ് വഴി എത്തേണ്ടിടത്ത് കറങ്ങാതെ എത്താനാകും. റോഡിന്റെ വീതികൂട്ടി ജംഗ്ഷൻ വികസനത്തിന് തുടക്കമിട്ടെങ്കിലും വ്യാപാരികളും പ്രാദേശിക രാഷ്ട്രീയനേതൃത്വവും ഇതിനെതിരായി രംഗത്തുവന്നതോടെ വികസനം നിർത്തിവെക്കേണ്ടിവന്നു. വികസനം യാഥാർത്ഥ്യമായാൽ ജംഗ്ഷനിലെ ഗതാഗതസ്തംഭനവും തിരക്കും ഇല്ലാതാകും. എന്നാൽ റോഡിന് വീതി വർദ്ധിപ്പിക്കണമെങ്കിൽ കൈയേറ്റങ്ങൾ ഒഴിപ്പിക്കണം. ഇക്കാര്യത്തിൽ വ്യാപാരികളുടെ സമ്മതവും അനിവാര്യമാണ്.
കിഴക്കമ്പലത്തിന്റെ
പൂർണ സഹകരണം
ടൗൺ വികസനത്തിന് മുന്നിട്ടിറങ്ങാൻ എടത്തല പഞ്ചായത്ത് മുന്നോട്ടുവന്നാൽ കിഴക്കമ്പലം പഞ്ചായത്തിന് കഴിയാവുന്ന മുഴുവൻ സഹായങ്ങളുമായി മുന്നിലുണ്ടാകുമെന്ന് കിഴക്കമ്പലം പഞ്ചായത്ത്പുക്കാട്ടുപടി വാർഡ് അംഗം ജിബി മത്തായി പറഞ്ഞു.