കൊച്ചി: മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ 2016 മുതലുള്ള ശമ്പളക്കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ച് കെ.ജി.എം.സി.ടി.എയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച എല്ലാ മെഡിക്കൽ കോളേജുകൾക്കു മുന്നിലും ഡി.എം.ഒ. ഓഫീസിനു മുന്നിലും ഡോക്ടർമാർ ധർണ നടത്തും.
മറ്റു സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവും കുടിശിക വിതരണവും സർക്കാർ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. കൊവിഡ് മുന്നണിപ്പോരാളികളായ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർക്കെതിരായ കടുത്ത അവഗണന സർക്കാർ തുടരുകായാണെന്ന് എറണാകുളം ജില്ലാ പ്രസിഡന്റ് ഡോ. ഉന്മേഷ് എ.കെ. പറഞ്ഞു.
രാവിലെ 11 ന് എറണാകുളം ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിനു മുന്നിൽ പ്രതിഷേധ യോഗവും ധർണയും നടക്കും. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടാത്ത രീതിയിലായിരിക്കും ധർണയെന്ന് ഭാരവാഹികൾ അറിയിച്ചു.