swami-sivaswaroopannada

ആലുവ: സന്യാസിമാരുടെ കഥകളിൽ കേട്ടറിഞ്ഞ 'കമണ്ഡലു' ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച ആലുവ അദ്വൈതാശ്രമത്തിലും പച്ചപിടിച്ചിട്ട് പത്താണ്ടായി. തൃശൂർ പുത്തൂർ പാങ്ങിൽ രാജന്റെ വീട്ടിൽ 'കമണ്ഡലു' വൃക്ഷം വളർന്നതിന്റെ വാർത്ത 'കേരളകൗമുദി' റി​പ്പോർട്ട് ചെയ്തതോടെയാണ് അദ്വൈതാശ്രമത്തിലെ കായ്ച്ചു നി​ൽക്കുന്ന 'കമണ്ഡലു' വൃക്ഷവും പുറംലോകത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്.

കമണ്ഡലുവി​ന്റെ കായ് ഉപയോഗിച്ച് കറിയുണ്ടാക്കി കഴി​ച്ചെന്നും അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ പറഞ്ഞു. ഔഷധഗുണം യുട്യൂബ് മുഖേന മനസിലാക്കിയായി​രുന്നു പരീക്ഷണമെന്ന് സ്വാമി പറയുന്നു.

10 വർഷം മുമ്പാണ് കമണ്ഡലു ഉൾപ്പെടെയുള്ള അപൂർവ തൈകൾ വില്ക്കാനായി ഒരു സംഘം ആശ്രമത്തിലെത്തിയത്. കമണ്ഡലുവിന്റെ തൈയും പഞ്ചമുഖ രുദ്രാക്ഷവും വാങ്ങി നട്ടു. രണ്ടും ആശ്രമത്തിന്റെ മണ്ണിൽ പച്ചപിടിച്ചു. കമണ്ഡലു നാല് വർഷം മുമ്പാണ് ആദ്യമായി കായ്ച്ചത്. 15 അടിയോളം ഉയരമുള്ള മരത്തിൽ ഇപ്പോഴും രണ്ട് കായ്‌കളുണ്ട്. പഞ്ചമുഖ രുദ്രാക്ഷ മരത്തിൽ രുദ്രാക്ഷവും ഉണ്ടായിട്ടുണ്ട്. ഈ മരത്തിന് 25 അടിയോളം ഉയരമുണ്ട്.