ksrtc
ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുൻവശത്ത് വാഹനങ്ങൾ ഉണ്ടാക്കുന്ന തിരക്ക്

ആലുവ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിൽനിർത്തി സ്വകാര്യ ബസുകൾ യാത്രക്കാരെ കയറ്റിയിറക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി അധികൃതർ പൊലീസിനെ സമീപിച്ചു. സ്റ്റാൻഡിലേക്ക് ബസുകൾ കയറാനോ പുറത്തേക്കിറങ്ങാനോ സാധിക്കുന്നില്ലെന്നാണ് കെ.എസ്.ആർ.ടി.സിയുടെ പരാതി.

ബസ് സ്റ്റാൻഡ് പൊളിച്ചിട്ടിരിക്കുന്നതിനാൽ എറണാകുളം, കോതമംഗലം, തൃശൂർ എന്നിവിടങ്ങളിലേക്കുള്ള ദീർഘദൂര ബസുകൾ അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. പകരം സ്റ്റാൻഡിനുമുന്നിലാണ് നിർത്തുന്നത്. ഇവിടെ ആലുവയിലേക്ക് വരുന്നതും സിറ്റിയിലേക്ക് പോകുന്നതുമായ സ്വകാര്യ ബസുകൾ നിർത്തിയിടുന്നതിനാൽ ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾക്ക് സ്ഥലം കിട്ടുന്നില്ലെന്ന് പരാതി. മാത്രമല്ല കാത്തുനിൽക്കുന്ന യാത്രക്കാർ ബസ് നിർത്തുന്ന സ്ഥലത്തേക്ക് ഓടേണ്ടിവരുന്നതായും അസി. ട്രാൻസ്‌പ്പോർട്ട് ഓഫീസർ കെ. പ്രിജേഷ്‌കുമാർ പറഞ്ഞു.

ആലുവയിലേക്ക് വരുന്ന സ്വകാര്യ ബസുകൾക്ക് സമീപത്തെ ബാങ്കിന് മുന്നിലായാണ് സ്‌റ്റോപ്പ് അനുവദിച്ചിരുന്നത്. ഇവിടെ ബസുകൾ നിർത്താൻ പൊലീസ് ഇടപെടണമെന്ന് കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ടു. ലോക്ക് ഡൗണിന് ശേഷം ബസുകൾ ഓടിത്തുടങ്ങിയപ്പോൾ പൊലീസിന്റെ സേവനം ലഭിച്ചിരുന്നെങ്കിലും പിന്നീട് ഉണ്ടായില്ലെന്ന് കണ്ടക്ടർ മനോജ് പറഞ്ഞു. എന്നാൽ സ്ഥലം കൈയേറി ഷെഡുകൾ വന്നതോടെ അനുവദിച്ച സ്റ്റോപ്പിൽ സ്ഥലം കുറഞ്ഞെന്നാണ് സ്വകാര്യ ബസ് ഡ്രൈവർമാർ പറയുന്നത്.