കൊച്ചി: തിരഞ്ഞെടുപ്പുകളിലെ പണക്കൊഴുപ്പിന് പിന്നിൽ അഴിമതിയാണെന്ന് കൊച്ചി നഗരസഭാ മേയർ അഡ്വ. എം. അനിൽകുമാർ പറഞ്ഞു. സേവ് കേരള മൂവ് മെന്റും ,റെസിഡന്റ്‌സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കൗൺസിലും (റാക്കോ ) സംയുക്തമായി സംഘടിപ്പിച്ച ' തിരഞ്ഞെടുപ്പനുബന്ധ അഴിമതികളും നിവാരണ മാർഗങ്ങളും ' എന്ന ചർച്ചാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ അഴിമതിയുടേയും തുടക്കം തിരഞ്ഞെടുപ്പുകളിൽനിന്നാണ്. അതുകൊണ്ട് തന്നെയാണ് പരാജയം ഉറപ്പായ സീറ്റിലും മൽസരിക്കാൻ രാഷ്ട്രീയ പ്രവർത്തകർ നെട്ടോട്ടമോടുന്നത്. തിരഞ്ഞെടുപ്പ് ചെലവുകൾ സർക്കാർ വഹിച്ചാൽ ഒരുപരിധിവരെ അഴിമതി ഇല്ലായ്മ ചെയ്യാനും രാഷ്ട്രിയ പാർട്ടികളുടെ പണപ്പിരിവ് ഒഴിവാക്കാനും സാധിക്കും. ജനങ്ങൾ എല്ലാം തന്നെ രാഷ്ട്രിയത്തിലിറങ്ങണം. വികസനപദ്ധതികൾ ജനങ്ങൾക്ക് വേണ്ടിയുള്ളതും സുതാര്യവുമായിരിക്കണമെന്നും മേയർ പറഞ്ഞു. സേവ് കേരള മൂവ്‌മെന്റ് പ്രസിഡന്റ് പി.ആർ. പന്മനാഭൻ നായർ അദ്ധ്യക്ഷത വഹിച്ചു. അം ആദ്മി പാർട്ടി സംസ്ഥാന കോ-ഓർഡിനേറ്റർ പി.സി. സിറിയക്ക് ,നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ്, റാക്കോ ജില്ലാ പ്രസിഡന്റ് കുമ്പളം രവി, സേവ് കേരള മൂവ്‌മെന്റ് സെക്രട്ടറി ജലീൽ താനത്ത് കെ.ജി രാധാകൃഷണൻ എന്നിവർ പ്രസംഗിച്ചു.