കൊച്ചി: നഗര വികസനം സംബന്ധിച്ച പാർലമെന്ററി കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജഗദാംബിക പാലിന്റെ നേതൃത്വത്തിലുള്ള സംഘം കൊച്ചി മെട്രോ സന്ദർശിച്ചു. എറണാകുളം ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം മുതൽ മുട്ടം സ്‌റ്റേഷൻ വരെ മെട്രോയിൽ യാത്രചെയ്തു. കൊച്ചിയിലെ വിവിധ സ്ഥലങ്ങളിലെ സന്ദർശനത്തിന്റെ ഭാഗമായാണ് മെട്രോ സ്‌റ്റേഷനിൽ എത്തിയത്. മുട്ടം സ്‌റ്റേഷനിലെ വനിതാ ജീവനക്കാരുമായി സംഘം കൂടി കാഴ്ച്ച നടത്തി. മെട്രോ റെയിൽ സർവീസുകളിൽ വനിതാ, ട്രാൻസ്ജന്റർ ജീവനക്കാരുടെ സേവനങ്ങൾ സംഘം വിലയിരുത്തി. കൂടാതെ മെട്രോ സ്‌റ്റേഷനുകളുടെ ശുചീകരണത്തിലും സുരക്ഷതയിലും മെട്രോ റെയിൽ കോർപ്പറേഷൻ നടപ്പാക്കുന്ന നടപടിക്രമങ്ങളെ സംഘം അഭിനന്ദിച്ചു. സ്ത്രീ ശാക്തീകരണത്തിനായി കൊച്ചി മെട്രോ റെയിൽ സ്വീകരിച്ച സംരംഭങ്ങൾ സാമൂഹിക ഉത്തരവാദിത്തത്തിനും പ്രതിബദ്ധതയ്ക്കും വ്യക്തമായ ഉദാഹരണമാണെന്ന് ചെയർമാൻ ജഗദാംബിക പാൽ പറഞ്ഞു.