കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ മെട്രോ സൈക്ലോത്തൺ 2021 റിപ്പബ്ലിക് ദിനത്തിൽ നടക്കും. 26 ന് രാവിലെ 6.40 മണിക്ക് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നിന്ന് മേയർ അഡ്വ. എം. അനിൽകുമാർ ഫ്‌ലാഗ് ഒഫ് ചെയ്യും. ഹൈബി ഈഡൻ എം.പി അദ്ധ്യക്ഷത വഹിക്കും.
എം.എൽ.എമാരായ പി.ടി തോമസ്, ടി.ജെ. വിനോദ്, ജി.സി.ഡി.എ ചെയർമാൻ വി. സലിം, കെ.എസ്.എൻ.സി ചെയർമാൻ ടോം ജോസ്, കളക്ടർ എസ്. സുഹാസ്, നടൻ ഉണ്ണി മുകുന്ദൻ എന്നിവർ പങ്കെടുക്കും.
കലൂർ മെട്രോ സ്റ്റേഷനിൽ നിന്ന് രാവിലെ 06:15 ന് ജെ.എൽ.എൻ സ്റ്റേഡിയത്തിലെ വേദിയിലേക്ക് സൈക്കിൾ സവാരി നടത്തും. പങ്കെടുക്കുന്നവരെ സൈക്കിളിനൊപ്പം ജെ.എൽ.എൻ മെട്രോ സ്റ്റേഷന്റെ വേദിയിലേക്ക് കൊണ്ടുപോകുന്നതിന് മെട്രോ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. 11.9 കിലോമീറ്റർ സൈക്കിൾ സവാരി ജെ. എൽ. എൻ മെട്രോ സ്റ്റേഷൻ, ബാനർജി റോഡ്, മാധവ ഫാർമസി ജെഎൻ, എംജി റോഡ്, എസ്എ റോഡ്, കലൂർകടവന്ത റോഡ്, പുല്ലേപ്പടി റോഡ്, സ്റ്റേഡിയം ലിങ്ക് റോഡ് എന്നിവയിലൂടെ സഞ്ചരിച്ച് ജെ.എൽ.എൻ മെട്രോ സ്‌റ്റേഷനിൽ എത്തും.