swami-sivaswaroopannada
ആലുവ അദ്വൈതാശ്രമത്തിലെ കമണ്ഡലു വ്യക്ഷത്തോടൊപ്പം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ

ആലുവ: സന്യാസിമാരുടെ കഥകളിൽ കേട്ടറിഞ്ഞ 'കമണ്ഡലു' ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച ആലുവ അദ്വൈതാശ്രമത്തിലും പച്ചപിടിച്ചിട്ട് പത്താണ്ടായി. തൃശൂർ പുത്തൂർ പാങ്ങിൽ രാജന്റെ വീട്ടിൽ 'കമണ്ഡലു' വൃക്ഷം വളർന്നതിന്റെ വാർത്ത 'കേരളകൗമുദി' റി​പ്പോർട്ട് ചെയ്തതോടെയാണ് അദ്വൈതാശ്രമത്തിലെ കായ്ച്ചു നി​ൽക്കുന്ന 'കമണ്ഡലു' വൃക്ഷവും പുറം ലോകത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്.

കമണ്ഡലുവി​ന്റെ കായ് ഉപയോഗിച്ച് കറിയുണ്ടാക്കി കഴി​ച്ചെന്നും അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ പറഞ്ഞു. ഔഷധഗുണം യുട്യൂബ് മുഖേന മനസിലാക്കിയായി​രുന്നു പരീക്ഷണമെന്ന് സ്വാമി പറയുന്നു.

പത്ത് വർഷം മുമ്പ് വക്ഷത്തൈകൾ വിൽക്കുന്ന സംഘമാണ് കമണ്ഡലു ഉൾപ്പെടെയുള്ള അപൂർവ തൈകളുമായി ആശ്രമത്തിലെത്തിയത്. കമണ്ഡലുവിന്റെ തൈയും പഞ്ചമുഖ രുദ്രാക്ഷവും വാങ്ങി നട്ടു. രണ്ടും വളരുമെന്ന് പ്രതീക്ഷിച്ചി​ല്ല. വിൽപ്പനക്കാരെ സഹായിക്കുകയായിരുന്നു ലക്ഷ്യം. പക്ഷം, രണ്ടും ആശ്രമത്തിന്റെ മണ്ണിൽ പച്ചപിടിച്ചു. കമണ്ഡലു നാല് വർഷം മുമ്പാണ് ആദ്യമായി കായ്ച്ചത്. പതിനഞ്ച് അടിയോളം ഉയരമുള്ള മരത്തിൽ ഇപ്പോഴും രണ്ട് കായ്ക്കളുണ്ട്. പഞ്ചമുഖ രുദ്രാക്ഷ മരത്തിൽ രുദ്രാക്ഷവും ഉണ്ടായിട്ടുണ്ട്. ഈ മരത്തിന് 25 അടിയോളം ഉയരമുണ്ട്. രണ്ടിനും പ്രത്യേകിച്ച് വളമോ പരിചരണമോ നൽകി​യി​ട്ടി​ല്ല.