കോലഞ്ചേരി: വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കിടത്തിചികിത്സ നിലച്ചിട്ട് ഒരു വർഷമാകുന്നു. ജില്ലയുടെ മധ്യഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ സർക്കാർ ആശുപത്രി നൂറുകണക്കിനു രോഗികളുടെ ആശ്രയ കേന്ദ്രമാണ്. രാത്രി സേവനത്തിനു ഡോക്ടർമാർ ഇല്ലാത്തതാണു കിടത്തി ചികിത്സ നിലയ്ക്കാൻ കാരണം. 7 ഡോക്ടർമാർ വേണ്ട ഇവിടെ 5 പേരാണ് ഇപ്പോഴുള്ളത്. 60 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്.വടവുകോട് ബ്ലോക്കിനു കീഴിലുള്ള 6 പഞ്ചായത്തുകളിലെ നിർദ്ധന രോഗികളുടെ ആശ്രയമായ ഈ ആതുരാലയത്തിൽ ഉടൻ കിടത്തി ചികിത്സ പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.നേരത്തെ ഇവിടെ ദിനം പ്രതി ദിനം മുന്നൂറോളം രോഗികൾ ചികിത്സ തേടിയെത്തിയിരുന്നു. 24 മണിക്കൂറും ഡോക്ടറുടെ സേവനമുണ്ടായിരുന്ന താലൂക്കാശുപത്രിയുടെ നിലവാരമുള്ള ആശുപത്രിയുമാണിത്. ആശുപത്രിയോട് ചേർന്നുള്ള ഡോക്ടർമാർക്ക് വേണ്ടിയുള്ള ക്വാർട്ടേഴ്‌സിന്റെ അവസ്ഥയും ദയനീയമാണ്. കിടത്തി ചികിത്സ ഇല്ലാതായതോടെ പലപ്പോഴും സമീപ പ്രദേശങ്ങളിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പോകേണ്ട അവസ്ഥയാണ് രോഗികൾക്ക്.
താളം തെറ്റിയ പ്രവർത്തനം
6 മാസം മുമ്പ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നടത്തിയിരുന്നു. എക്‌സ് റേ യൂണിറ്റിനു കെട്ടിടം നിർമ്മിച്ചെങ്കിലും സാങ്കേതികാനുമതി ലഭിക്കാത്തതിനാൽ പ്രവർത്തനം തുടങ്ങാനായിട്ടില്ല. പോസ്റ്റ്മോർട്ടം ഒന്നര വർഷമായി മുടങ്ങിക്കിടക്കുന്നു. അത്യാഹിത വിഭാഗം, മോർച്ചറി, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക വാർഡുകൾ, പോസ്റ്റുമോർട്ടം, എക്‌സ്റെ, കുട്ടികൾക്കു വേണ്ടി പ്രത്യേക വിഭാഗം, ഫാർമസി എന്നിങ്ങനെ എല്ലാ സൗകര്യങ്ങളുമുള്ള ആശുപത്രിയുടെ പ്രവർത്തനം മൊത്തത്തിൽ താളം തെറ്റുകയാണ്. ജനപ്രതിനിധികളും അനങ്ങുന്നില്ല. ആശുപത്രി വികസന സമിതിയും മരവിച്ച അവസ്ഥയിലാണ്.