കൊച്ചി: തിരഞ്ഞെടുപ്പു വേളകളിൽ കൃത്യമായി എത്തുന്ന പുലിയായി സോളാർ കേസ് മാറുകയാണെന്ന് ഹൈബി ഈഡൻ എം.പി. കഴിഞ്ഞ ദിവസം പുറത്തുവന്ന പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്തുനടത്തിയ തട്ടിപ്പ് അടക്കം നിരവധി കേസുകളിൽ പ്രതിയായ ഒരാളെ മുൻനിർത്തി പിണറായി സർക്കാർ കളിക്കുന്ന രാഷ്ട്രീയം ലജ്ജാകരമാണ്.

സ്വർണക്കടത്തും അഴിമതിയും സ്വജനപക്ഷപാതവും ഉൾപ്പടെയുള്ള രാഷ്ട്രീയ വിഷയങ്ങളിൽ നിന്നു ഒളിച്ചോടാൻ വേണ്ടിയുള്ള സർക്കാരിന്റെ രാഷ്ട്രീയ പാപ്പരത്തമാണിത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന് നാളുകൾ മുൻപാണ് കേസിൽ എഫ്. ഐ.ആർ ഇട്ടത്. കൃപേഷിന്റേയും ശരത് ലാലിന്റെയും കുടുംബം നിറകണ്ണുകളുമായി മുഖ്യമന്ത്രിയോട് കെഞ്ചിയിട്ടും വക വയ്ക്കാതെ കൊലപാതകം സി.ബി.ഐ അന്വേഷിക്കാതിരിക്കാൻ സുപ്രീം കോടതി വരെ പോയി ലക്ഷങ്ങൾ ചെലവാക്കിയതാണ് ഈ സർക്കാർ. ഇപ്പോൾ ഈ കേസിന് സി.ബി.ഐക്ക് പിന്നാലെ പോകുന്നത് തിരഞ്ഞെടുപ്പ് പ്രചാരത്തിന് വേണ്ടിയാണെന്ന് ഹൈബി പ്രസ്താവനയിൽ പറഞ്ഞു.

ഈ പ്രചാരണങ്ങൾക്കെല്ലാം പാർലമെന്റ് തിരഞ്ഞെടുപ്പിൽ പൊതു ജനം മറുപടി നൽകിയത് ഞങ്ങൾക്കെല്ലാം ലക്ഷക്കണക്കിന് വോട്ടിന്റെ ഭൂരിപക്ഷം നൽകിയാണ്. തട്ടിപ്പുകാരിയുടെ സാരിത്തുമ്പിൽ പിടിച്ച് തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുന്ന ഗതികേടിലേക്ക് ഇടതുമുന്നണി കുപ്പുകുത്തിയെന്നും ഹൈബി ആരോപിച്ചു.