കിഴക്കമ്പലം: നാട്ടുകാരുടെ കാത്തിരിപ്പിനൊടുവിൽ മാഞ്ചേരിക്കുഴിപ്പാലം നിർമ്മാണ പൂർത്തീകരണത്തിന്റെ അവസാനഘട്ടത്തിലേയ്ക്ക്. പടിഞ്ഞാറെ മോറക്കാലയിലെ താളിക്കല്ല് ഭാഗത്തുനിന്ന് ചെറുവഞ്ചിയിൽ കയറി എറണാകുളത്തേക്ക് പോകുന്ന ദുരിതത്തെത്തുടർന്നാണ് മാഞ്ചേരിക്കുഴി പാലമെന്ന ആശയം ഉടലെടുത്തത്. തൃക്കാക്കര - കുന്നത്തുനാട് നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പടിഞ്ഞാറെ മോറയ്ക്കാലയിലാണ് മാഞ്ചേരിക്കുഴിപാലം. വർഷങ്ങൾക്കുമുമ്പ് നബാർഡിന്റെ ഫണ്ട് ഉപയോഗിച്ച് പാലം നിർമാണം ടെണ്ടർ ചെയ്ത് പണി ആരംഭിച്ചതാണ്. എന്നാൽ പാലത്തിന്റെ ഉയരം 10 മീറ്റർ വേണമെന്ന ആവശ്യവുമായി ചിലർ രംഗത്തുവന്നത് പണിനിർത്തിവെയ്ക്കാൻ കാരണമായി. പിന്നീട് 2017 ഡിസംബർ 11നാണ് പുനർനിർമ്മാണം തുടങ്ങിയത്. ഉദ്ഘാടന വേളയിൽ ഒന്നര വർഷത്തിനുള്ളിൽ പണി തീർക്കുമെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞിരുന്നെങ്കിലും നടന്നില്ല. കൊവിഡും 2018, 2019 വർഷങ്ങളിലെ കാലവർഷവും നിർമ്മാണജോലിയെ ബാധിച്ചു. ഇതിനോടകം 90 ശതമാനം പണിതീർന്നിട്ടുണ്ട്.
12 കോടി മുടക്കി നിർമ്മാണം
നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി മാർച്ചിൽ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കരാറുകാർ. കുന്നത്തുനാട് പഞ്ചായത്തിലെ പടിഞ്ഞാറെ മോറയ്ക്കാലയെയും കാക്കനാട് ഇടച്ചിറയെയും ബന്ധിപ്പിക്കുന്ന മാഞ്ചേരിക്കുഴി പാലം 12 കോടി മുടക്കിയാണ് നിർമ്മിക്കുന്നത്.
കടമ്പ്രയാറിന് കുറുകെയുള്ള മുഴുവൻ ഭാഗങ്ങളും കോൺക്രീറ്റിംഗ് പൂർത്തിയായി. പാലത്തിലേക്ക് കയറാനുള്ള റോഡിന്റെ ഭാഗം വീതികൂട്ടൽ ആരംഭിച്ചു. പാലത്തിന്റെ പാർശ്വഭിത്തി നിർമാണം, പാലത്തിലെ നടപ്പാതയ്ക്കു കീഴിലൂടെയുള്ള കുടിവെള്ള പൈപ്പ്‌ലൈൻ, കേബിൾലൈൻ എന്നിവയുടെ നിർമാണം അവസാനഘട്ടത്തിലാണ്. ഇടച്ചിറ ഭാഗത്തേക്കുള്ള ഭാഗം മാത്രമേ ഇനി കോൺക്രീറ്റ് ചെയ്യാനുള്ളു.
എറണാകുളത്തേക്ക് എളുപ്പവഴി
പാലം പൂർത്തിയായാൽ എറണാകുളത്തേക്ക് വേഗത്തിലെത്തിച്ചേരാനാകും. കടമ്പ്രയാറിലൂടെയുള്ള വിനോദസഞ്ചാര വികസനത്തിനും സാദ്ധ്യതതെളിയും. ജില്ലാ കേന്ദ്രമായ കാക്കനാട്ടേക്ക് മിനിട്ടുകൾക്കുള്ളിൽ എത്തിച്ചേരാനാകും. മനയ്ക്കക്കടവ് പാലത്തിലെ തിരക്ക് ഒഴിവാക്കാനും മാഞ്ചേരിക്കുഴി പാലത്തിനാകുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കോലഞ്ചേരി, പാങ്കോട്, പഴന്തോട്ടം, പറക്കോട്, മോറക്കാലവഴി യാത്ര എളുപ്പമാവും. പടിഞ്ഞാറെ മോറക്കാലയിലെ നൂറുകണക്കിന് തൊഴിലാളികൾക്ക് അരമണിക്കൂർ നടന്നാൽ ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി പ്രദേശങ്ങളിലേക്ക് എത്തിച്ചേരാനാകും. ഇപ്പോൾ ഇവിടത്തെ തൊഴിലാളികൾ മോറക്കാല, പള്ളിക്കര, കാക്കനാട് വഴിയാണ് മണിക്കൂറുകൾ സഞ്ചരിച്ച് തൊഴിൽകേന്ദ്രങ്ങളിൽ എത്തിച്ചേരുന്നത്. പള്ളിക്കര, മോറയ്ക്കാല എന്നിവിടങ്ങളിൽ വൻവികസനത്തിന് കളമൊരുങ്ങും. കടമ്പ്രയാറിലൂടെയുള്ള വിനോദസഞ്ചാര വികസനത്തിനും സാദ്ധ്യത തെളിയും. സ്മാർട്ട്സിറ്റി, ഇൻഫോപാർക്ക് എന്നിവിടങ്ങളിലേക്കുള്ള ദൂരം 6 കിലോമീറ്റർ വരെ കുറയും. തേക്കടി - കാക്കനാട് സംസ്ഥാന പാതയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമാകും.