പള്ളുരുത്തി: അൾത്താരയിൽ ഖുറാൻ വചനങ്ങൾ ചൊല്ലിയത് വിവാദമായി. ലത്തീൻ കത്തോലിക്കാ സഭയുടെ കൊച്ചി രൂപതയ്ക്ക് കീഴിലുള്ള ചെല്ലാനം സെന്റ് സെബാസ്റ്റ്യൻ പള്ളിയിലാണ് സംഭവം. പള്ളി പെരുന്നാളിനോടനുബന്ധിച്ച് കഴിഞ്ഞ ബുധനാഴ്ച ചെല്ലാനം പഞ്ചായത്ത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഹാഷിമിനെ പള്ളിയിൽ വിളിച്ച് ആദരിച്ചതിന് ഇദ്ദേഹം ഖുറാൻ വാക്യങ്ങളുമായി അൾത്താരയിൽ മറുപടി പ്രസംഗം നടത്തിയതാണ് വിനയായത്.
സർക്കിൾ ഇൻസ്പെക്ടർ ഷിജുവിനെയും ആദരിച്ചിരുന്നു. കൊവിഡ് നിയന്ത്രണമുള്ളതിനാൽ പള്ളിക്കുള്ളിലായിരുന്നു ചടങ്ങ്. മറുപടിക്ക് അൾത്താരയിലെ മൈക്കാണ് ഉപയോഗിച്ചത്.
സർക്കിൾ ഇൻസ്പെക്ടർ ക്രിസ്തീയ ഗാനം ആലപിച്ചു. മുഹമ്മദ് ഹാഷിമാകട്ടെ ഖുറാൻ വചനങ്ങൾ അൾത്താരയിൽ നിന്ന് ചൊല്ലി സംസാരിച്ചു. ദിവസങ്ങളായി വിശ്വാസികൾക്കിടെ വലിയ ചർച്ചാവിഷയമാണ് ഈ സംഭവം. തുടർന്ന് കൊച്ചി രൂപത വിശ്വാസികളോട് ഖേദം പ്രകടിപ്പിച്ചു. രൂപതാ വക്താവ് ഫാ.ജോണി സേവ്യർ പുതുക്കാട് വിഡീയോ സന്ദേശവും പുറത്തുവിട്ടു.
അൾത്താര പൊതുവേദിയല്ലെന്നും അത് കത്തോലിക്ക സഭയുടെ പവിത്രമായ ബലിവേദിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടം വ്യക്തിവിശ്വാസങ്ങൾക്കൊപ്പം ആരോഗ്യകാര്യങ്ങൾകൂടി ഉൾപ്പെടുത്തി മുഹമ്മദ് ഹാഷിം ദുർവിനിയോഗിച്ചു. ഇത് അവിവേകമാണ്. നന്മയെ ലക്ഷ്യമിട്ട് നടത്തിയ ചടങ്ങിൽ മതവത്കരണ പ്രവണത പ്രകടിപ്പിച്ച ഉദ്യോഗസ്ഥനെ പ്രതിഷേധം അറിയിക്കുന്നതായും ഫാ.ജോണി സേവ്യർ പുതുക്കാട് സന്ദേശത്തിൽ പറയുന്നു.
തെറ്റൊന്നും ചെയ്തില്ലെന്ന് മുഹമ്മദ് ഹാഷിം
താൻ എല്ലാവർക്കും നൻമകൾ വരട്ടെയെന്ന് അറബി ഭാഷയിൽ പ്രാർത്ഥിച്ചതേയുള്ളെന്നാണ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഹാഷിമിന്റെ വിശദീകരണം. അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല. പഠിച്ചതും വളർന്നതും തിരുവനന്തപുരം കോൺവെന്റ് സ്ക്കൂളിലാണ്. മക്കൾ പഠിക്കുന്നതും ക്രിസ്ത്യൻ സ്ക്കൂളിലാണ്. ഈ പ്രശ്നത്തെ തുടർന്ന് രണ്ട് ദിവസമായി ഉറക്കമില്ല. ഫോണിലേക്ക് തുടർച്ചയായി കോളുകൾ വരികയാണെന്നും മുഹമ്മദ് ഹിഷാം പറഞ്ഞു.