hemanthraj

കൊച്ചി: ചെന്നൈയിലെ റിപ്പബ്ളിക് ദിന പരേഡിൽ ആർമി സംഘത്തിന്റെ കമാൻഡിംഗ് ഓഫീസറാകുക മലയാളിയായ ലഫ്റ്റനന്റ് കേണൽ ഹേമന്ത് രാജ്. പ്രളയകാലത്ത് ആലുവയിലും ചെങ്ങന്നൂരും രക്ഷാപ്രവർത്തനം നടത്തി ശ്രദ്ധേയനായ അദ്ദേഹം രാഷ്ട്രപതിയുടെ വിശിഷ്ഠസേവാ മെഡലും നേടിയിട്ടുണ്ട്. ചെന്നൈ കാമരാജാർ റോഡിൽ നടക്കുന്ന പരേഡിൽ തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമി എന്നിവരാണ് മുഖ്യാതിഥികൾ. ഉൗട്ടിയിലെ മദ്രാസ് റെജിമെന്റ് സെന്ററിലെ സൈനികരാണ് പരേഡിൽ അണിനിരക്കുക. അയൽസംസ്ഥാനത്ത് പരേഡിൽ പ്രധാന ചുമതല വഹിക്കാൻ അവസരം ലഭിച്ചത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.

2018 ലെ പ്രളയകാലത്ത് ആലുവയിലും ചെങ്ങന്നൂരിലും 12 ദിവസം അദ്ദേഹം രക്ഷാപ്രവർത്തനം നടത്തിയിരുന്നു. കോട്ടയം ഏറ്റുമാനൂർ സ്വദേശിയാണ് ലഫ‌്റ്റനന്റ് കേണൽ ഹേമന്ത് രാജ്. മേജറായിരിക്കെ അദ്ദേഹം അവധിക്ക് നാട്ടിൽ വന്നപ്പോഴാണ് പ്രളയം ഇരച്ചെത്തിയത്. വിവരം അറിഞ്ഞയുടൻ സുഹൃത്തുക്കളെയും നാട്ടിലെത്തിയ മറ്റു സേനാംഗങ്ങളെയും വിരമിച്ചവരെയും വിളിച്ചുകൂട്ടി. ഇരുപതോളം പേർ ആലുവയിലെത്തി. ലഭിച്ച ബോട്ടുകളിൽ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിച്ചു. ദേശം, കടുങ്ങല്ലൂർ മേഖലകളിൽ നിന്ന് നിരവധിപേരെയാണ് ബോട്ടുകളിൽ കയറ്റി ആലുവയിലെത്തിച്ചത്. പന്നീട് ആറുദിവസം ചെങ്ങന്നൂരിലായിരുന്നു രക്ഷാദൗത്യം.

ഏറ്റുമാനൂർ തവളക്കുഴി മുത്തുച്ചിപ്പിയിൽ റിട്ടയേർഡ് എക്സൈസ് ഇൻസ്പെക്ടർ ടി.കെ. രാജപ്പന്റെയും കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സായിരുന്ന ലതികാഭായിയുടെയും മകനാണ് ഹേമന്ത് രാജ്. ഭാര്യ: ഡോ. തീർത്ഥ. മകൻ : അയൻ. കഴക്കൂട്ടം സൈനിക സ്കൂളിലായിരുന്നു വിദ്യാഭ്യാസം. നാഷണൽ ഡിഫൻസ് അക്കാഡമിയിൽ നിന്ന് 2002 ൽ പഠനം പൂർത്തിയാക്കി ആർമിയിൽ ചേർന്നു. 2006 ലെഫ്റ്റനന്റായി..