കൊച്ചി: വിദ്യാലയങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കാനുള്ള മുൻ ജില്ല പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിന് വികേന്ദ്രീകൃതാസൂത്രണവുമായി ബന്ധപ്പെട്ട സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റി അനുമതി നിഷേധിച്ചു.
ജില്ലയിലെ സ്കൂളുകളുടെ കോമ്പൗണ്ടിലും പരിസരത്തും മദ്യം, മയക്കുമരുന്ന് ഉപയോഗം, സാമൂഹ്യവിരുദ്ധശല്യം എന്നിവ പ്രതിരോധിച്ച് വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സി.സി.ടി.വി കാമറകൾ സ്ഥാപിക്കുക എന്നതായിരുന്നു പദ്ധതി. ഇതിനുവേണ്ടി 60.9 ലക്ഷം രൂപ വകയിരുത്തുകയും ഡി.പി.സി യുടെ അംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ജില്ല പഞ്ചായത്തിൽ പുതിയ ഭരണസമിതി അധികാരത്തിൽ വന്ന സാഹചര്യത്തൽ മുൻ കമ്മിറ്റിയുടെ പദ്ധതിക്ക് തൽക്കാലം അനുമതി നൽകേണ്ടതില്ലെന്നാണ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം. പുതിയ ഭരണസമിതി ഇതേ പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഡി.പി.ഐ യുടെ റിപ്പോർട്ട് സഹിതം കോ- ഓർഡിനേഷൻ കമ്മിറ്റിയെ സമീപിക്കട്ടെ എന്നാണ് തീരുമാനം. ഈ മാസം 7ന് ചേർന്ന സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് പദ്ധതിക്ക് അനുമതി നിഷേധിച്ചത്.