attack

കളമശേരി: ഗ്ലാസ് ഫാക്ടറി കോളനിയിൽ 17 കാരനെ ക്രൂരമായി മർദ്ദിച്ച ഏഴംഗ സംഘത്തിലെ ഒരാളെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃക്കാക്കര നോർത്ത് രാജഗിരി കാട്ടുപറമ്പിൽ വീട്ടിൽ പോളിന്റെയും വിജിയുടെയും മകൻ നിഖിൽ പോളാണ് (17)മരിച്ചത്.

ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ട നിഖിലിനെ ഉടൻ മഞ്ഞുമ്മലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്കു മാറ്റി. ലഹരിമരുന്ന് ഉപയോഗിക്കുന്ന വിവരം പ്രതികളിലൊരാളുടെ വീട്ടിൽ അറിയിച്ചെന്ന തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു സുഹൃത്തുക്കളായ ഏഴംഗ സംഘം കൂട്ടുകാരനെ മർദ്ദിച്ചത്. മർദ്ദനത്തിന്റെ വീഡിയോ വൈറലായതോടെ പൊലീസ് എല്ലാവരെയും അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയായ അഖിൽ വർഗീസ് എന്നയാളെ മാത്രം റിമാൻഡ് ചെയ്ത് നിഖിൽ ഉൾപ്പെടെ മറ്റുള്ളവരെ മാതാപിതാക്കളെ വിളിച്ചുവരുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. ഇന്ന് ശിശുക്ഷേമ സമിതി മൊഴിയെടുക്കാനിരിക്കെയാണ് നിഖിലിന്റെ മരണം. ഒമ്പതാം ക്ളാസിൽ പഠനം നിറുത്തിയ ശേഷം വെറുതേ നടക്കുകയായിരുന്നു നിഖിൽ.

കഴിഞ്ഞ വ്യാഴാഴ്ച മർദ്ദനമേറ്റ കുട്ടി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുകയും അക്രമി സംഘത്തിൽ ഒരാൾ പകർത്തിയ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പുഴയോരത്ത് ആൾത്താമസമില്ലാത്ത വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഇവർ നൽകിയ ലഹരി ഉപയോഗിക്കാൻ നിർബന്ധിക്കുകയും വഴങ്ങാതിരുന്നപ്പോൾ വായിൽ കുത്തിത്തിരുകുകയും ചെയ്തു. അവശനായി വീണ കുട്ടിയെ നൃത്തം ചെയ്യിക്കുന്നതും മെറ്റലിൽ മുട്ടുകുത്തി ഇരുത്തി മർദ്ദിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. പകർത്തിയ ദൃശ്യങ്ങൾ സംഘം ഡിലീറ്റ് ചെയ്തെങ്കിലും മർദ്ദനത്തിന് ഇരയായ കുട്ടിയുടെ സഹോദരൻ അത് വീണ്ടെടുക്കുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ്.

പൊലീസ് നടപടികളെ തുടർന്ന് നിഖിൽ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. സംഭവത്തിന്റെ പിറ്റേന്ന് നിഖിൽ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയിരുന്നു.

കുട്ടിയുടെ മരണം പൊലീസ് മർദ്ദനത്തെ തുടർന്നാണെന്നുള്ള ബന്ധുക്കളുടെ ആരോപണം അന്വേഷിക്കാമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസും, ഡി.സി.പി ഐശ്വര്യ ഡോംങ്ക്രെയും ഉറപ്പുനൽകി.