അങ്കമാലി: ദേശീയ പാത തൃശൂർ റോഡിൽ കോതകുളങ്ങരയിലെ അശാസ്ത്രീയ യു ടേൺ വൻ അപകട സാധ്യത സൃഷ്ടിക്കുന്നതായി നാട്ടുകാരുടെ പരാതി. കോതകുളങ്ങരയിലെ അപകട കേന്ദ്രമായ യുടേൺ അടച്ച് അണ്ടർപാസ്സ് വഴി വാഹനങ്ങൾ തിരിച്ചുവിടാൻ നഗരസഭ അടിയന്തിര നടപടി സ്വീകരിക്കണം.അണ്ടർ പസേജിലേക്ക് എൻ. എച്ചിൽ നിന്നും ഇറങ്ങുന്നിടത്തും, എൻ എച്ചിലെക്ക് കയറുന്നിടത്തുമായി 50 മീറ്ററോളം റോഡ് നിർമ്മാണം പൂർത്തിയാക്കിയാൽ ഇതു വഴി വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകാൻ കഴിയും . ഈ ബെൽ മൗത്തുകളുടെ നിർമ്മാണത്തിനായി ഡി.പി.സിയുടെ അംഗീകാരത്തോടെ അധികാരം ഒഴിഞ്ഞ കൗൺസിൽ 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.എന്നാൽ യഥാസമയം പാസേജിന്റെ പണികൾ പൂർത്തികരിക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ അണ്ടർ പാസേജ് പാർക്കിംഗ് യാർഡായും,മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുന്നു. നാല്‌പത്തി അഞ്ച് ലക്ഷം മുടക്കി നിർമ്മിച്ച അണ്ടർ പാസേജ് നിർമ്മാണം പൂർത്തിയാക്കി വാഹനങ്ങൾ ഇതുവഴി തിരിച്ചുവിടുകയും അപകട സാധ്യതയേറെയുള്ള കോതകുളങ്ങരയിലെ യുടേൻ അടച്ചുപൂട്ടുകയും വേണം .അണ്ടർ പാസേജ് തുറക്കുന്നതുവരെ സൂചന ബോർഡ് സ്ഥാപിക്കുകയും നിലവിൽ ഉണ്ടായിരുന്ന ബ്രിങ്കഇർ ലൈറ്റ് പ്രവർത്തിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. കോതകുളങ്ങരയിലെ യു ടേൺ അടച്ചുകെട്ടി മീഡിയൻ നിർമിക്കണമെന്നും കരയാംപറമ്പിലെ അടിപ്പാത നവീകരിച്ച് അടിപ്പാതയുടെ പ്രവേശന ഭാഗത്ത് വീതി കൂട്ടണമെന്നും സൂചന ബോർഡുകൾ സ്ഥാപിക്കണമെന്നും അടിപ്പാതയിലെ അനധികൃത പാർക്കിങ്ങിനെതിരെ നടപടിയെടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.