കൊച്ചി: ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിൽ ജില്ലയിലെ 1000 സർക്കാർ ഓഫീസുകൾ ഇന്നു മുതൽ ഹരിത ഓഫീസുകളാകും. രാവിലെ 11.30ന് ഹരിത ഓഫീസുകളുടെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ഇതിന്റെ ഭാഗമായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് ,ഡി.ഡി. എഡ്യൂക്കേഷൻ, ജില്ലാ പഞ്ചായത്ത് എന്നീ ഓഫീസുകളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എസ്. സുഹാസ്,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ഹരിത കേരളമിഷൻ കോ-ഓർഡിനേറ്റർ സുജിത്ത് കരുൺ, ശുചിത്വമിഷൻ കോ-ഓഡിനേറ്റർ പി.എച്ച്. ഷൈൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
തിരഞ്ഞെടുക്കപ്പെട്ട മറ്റ് സർക്കാർ ഓഫീസുകളിലും പരിപാടി സംഘടിപ്പിക്കും. ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഗ്രീൻ ഓഫീസ് സർട്ടിഫിക്കറ്റും ഗ്രേഡും നൽകുന്നത്. താലൂക്ക്, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് , സ്‌കൂൾ ,അങ്കണവാടികൾ തുടങ്ങിയ എല്ലാ സർക്കാർ ഓഫീസുളെയും ഉൾപ്പെടുത്തി നടത്തുന്ന പരിശോധനയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഹരിത സർട്ടിഫിക്കേഷൻ നൽകുന്നത്.
ലക്ഷ്യം
പൊതുജനങ്ങൾ ഏറ്റവുമധികം എത്തുന്ന സർക്കാർ ഓഫീസുകളിൽ ഹരിതചട്ടം പാലിക്കുന്നത് വഴി നല്ലൊരു സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഹരിത ഓഫീസ് പ്രഖ്യാപനം നടത്തുന്നത്.
ഗ്രേഡിംഗ്
90-100 മാർക്ക് നേടുന്ന ഓഫീസുകൾക്ക് എ ഗ്രേഡ്
80-89 വരെ നേടുന്നവർക്ക് ബി ഗ്രേഡ്
70-79 വരെ നേടുന്നവർക്ക് സി ഗ്രേഡ്
മാനദണ്ഡങ്ങൾ
നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ ഉപയോഗം പാടെ ഒഴിവാക്കണം
കഴുകി ഉപയോഗിക്കുന്ന പാത്രങ്ങളിൽ ഭക്ഷണവും വെള്ളവും കൊണ്ടുവരുന്ന ജീവനക്കാരുടെ എണ്ണം
ജൈവ അജൈവ പാഴ്‌വസ്തുക്കൾ തരംതിരിച്ച് നിക്ഷേപിക്കുന്നതിന് പ്രത്യേകം ബിന്നുകൾ സ്ഥാപിക്കണം
ബിന്നുകളിൽ മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുക
ഇ-മാലിന്യം, ഉപയോഗ ശൂന്യമായ ഫർണിച്ചറുകൾ എന്നിവ നീക്കം ചെയ്യൽ
ദ്രവമാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനം
വൃത്തിയായി പരിപാലിക്കുന്ന ശുചിമുറി
നിർദ്ദേശക ബോർഡുകൾ