tunnel

കൊച്ചി: കുതിരാനിലെ തുരങ്കപാത നിർമ്മാണത്തിൽ അനാസ്ഥ പുലർത്തുന്ന ദേശീയപാത അതോറിട്ടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ഗൗരവമുള്ള വിഷയം നിസാരമായി കാണുന്നത് അനുവദിക്കാനാവില്ലെന്ന് സിംഗിൾ ബെഞ്ച് പറഞ്ഞു. അതോറിട്ടിയുടെ അനാസ്ഥയും പിടിപ്പുകേടും മൂലം ജനങ്ങളാണ് വലയുന്നത്. നിർമ്മാണം പൂർത്തിയാക്കാൻ ദേശീയപാത അതോറിറ്റിക്ക് താല്പര്യമുണ്ടോയെന്ന് അറിയണം. എന്തെങ്കിലും പദ്ധതിയുണ്ടോ, എന്ത് ചെയ്യാനാണ് ലക്ഷ്യമെന്നും വ്യക്തമാക്കണം.

കുതിരാനിലെ ഇരട്ട ടണലുകളിൽ ഒരെണ്ണമെങ്കിലും പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു നൽകണമെന്നാവശ്യപ്പെട്ട് നിയമസഭ ചീഫ് വിപ്പ് കെ. രാജൻ നൽകിയ ഹർജിയാണ് സിംഗിൾബെഞ്ച് പരിഗണിച്ചത്.
ദേശീയപാത അതോറിട്ടിയുടെ അനാസ്ഥ മൂലം ഗതാഗതക്കുരുക്കും അപകടവും പെരുകിയെന്നും ഹർജിയിൽ പറയുന്നു. ദേശീയപാത 47ൽ മണ്ണുത്തി - വടക്കാഞ്ചേരി ഭാഗം ആറു വരിയാക്കാനുള്ള കരാർ ഹൈദരാബാദ് ആസ്ഥാനമായ തൃശൂർ എക്‌സ്‌പ്രസ് വേ പ്രൈവറ്റ് ലിമിറ്റഡിന് 2009 ആഗസ്റ്റ് 24 ന് നൽകിയെങ്കിലും ഇതുവരെ നിർമ്മാണം പൂർത്തിയായിട്ടില്ല. നിർമ്മാണം നിലച്ച അവസ്ഥയിലാണ്. കഴിഞ്ഞയാഴ്ച ദേശീയപാത അതോറിറ്റിയോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. ഇന്നലെ വിശദീകരണം നൽകാതിരുന്നതിനെ തുടർന്നാണ് കോടതിയുടെ വിമർശനം.
കരാർ കമ്പനിയുമായി തർക്കങ്ങളുണ്ടെന്നും നിർമ്മാണം നിലച്ചെന്നും അതോറിട്ടി കോടതിയെ അറിയിച്ചു. ബുധനാഴ്ചയ്ക്കകം വിശദീകരണം നൽകാൻ കോടതി നിർദേശിച്ചു. ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.