ksrtc
നിർമ്മാണം അന്തിമഘട്ടത്തിലായ ആലുവ കെ.എസ്.ആർ.ടി.സി ടെർമിനൽ

ആലുവ: 18 മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ച ആലുവ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നിർമ്മാണത്തിന് ഒച്ചിഴയും വേഗം മാത്രം. ആലുവ നഗരഹൃദയത്തിന് തിലകക്കുറിയാകേണ്ട കെട്ടിടത്തിന് ശിലയിട്ടിട്ട് 28ന് ഒരു വർഷം പൂർത്തിയാകും.

പുതിയ ടെർമിനൽ നിർമ്മിക്കുന്നതിനായി നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ചിട്ട് വരുന്ന ജൂണിൽ രണ്ട് വർഷമാകും. 2019 ജൂൺ ആറിന് കെട്ടിടം പൊളിക്കൽ ആരംഭിച്ചെങ്കിലും തറക്കല്ലിട്ടത് 2020 ജനുവരി 28നാണ്. നിർമ്മാണം ആരംഭിച്ച് കഴിഞ്ഞപ്പോൾ ലോക്ക് ഡൗൺ ആണ് പദ്ധതി വൈകിപ്പിച്ചത്. ഇലക്ട്രിക്കൽ, ടൈൽ ഇടൽ, മേൽക്കൂര നിർമ്മാണം എന്നിവയാണ് ഇനി നടക്കേണ്ടത്. പദ്ധതി ചെലവ് നിയന്ത്രിക്കാൻ രൂപരേഖയിൽ മാറ്റം വരുത്തിയാണ് നിർമ്മിക്കുന്നത്. ഇംഗ്ലീഷ് അക്ഷരമായ ടി എന്ന ആകൃതിയിലാണ് ടെർമിനലിന്റെ ആദ്യഘടന തയ്യാറാക്കിയത്. ഇപ്പോൾ കിഴക്ക് ഭാഗത്ത് നീളത്തിലാണ് കെട്ടിടം നിർമ്മിക്കുന്നത്. പടിഞ്ഞാറ് പ്രവേശകവാടത്തിലൂടെ കയറി ടെർമിനൽ കെട്ടിടത്തിൻെറ പിൻവശത്തുകൂടി പുറത്തേക്ക് പോകുന്ന രീതിയിലാണ് ക്രമീകരണം. അൻവർ സാദത്ത് എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച 5.89 കോടി രൂപയാണ് നിർമ്മാണ ചെലവ്.

പണി തീർന്നാൽ കിട്ടുന്നത്

അടിപൊളി സമുച്ചയം

താഴെ 18520 ചതുരശ്ര അടിയും ഒന്നാം നിലയിൽ 11635 ചതുരശ്ര അടിയുമായി ആകെ 30155 ചതുരശ്ര അടിയുള്ള കെട്ടിടമാണ് പണിയുന്നത്. 30 ബസുകൾക്കുള്ള പാർക്കിംഗ് സൗകര്യം കൂടാതെ 110 ഇരുചക്രവാഹനങ്ങളും 110 കാറുകളും പാർക്ക് ചെയ്യുവാനുള്ള സൗകര്യവും ഉണ്ടാകും. ഒന്നാം നിലയിലേക്ക് കയറുവാൻ രണ്ട് ലിഫ്റ്റുകളും മൂന്ന് കോണിപ്പടിയും പ്ലാനിലുണ്ട്. ഒരു ടിക്കറ്റ് കൗണ്ടർ കൂടാതെ സ്റ്റേഷൻ ഓഫീസ്, പൊലീസ് എയ്ഡ് പോസ്റ്റ്, ആറ് സ്റ്റാളുകൾ, 170 സീറ്റുകളുള്ള വെയിറ്റിംഗ് ഏരിയ, കാന്റീൻ, ശുചിമുറികൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷിക്കാർക്കുമായി ശുചി മുറികൾ തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാകും. അഗ്‌നിശമന സാമഗ്രികൾ, കുടിവെള്ളം, മലിന ജല ട്രീറ്റ്‌മെന്റ് സംവിധാനം, മഴവെള്ള സംഭരണി എന്നിവയും പുതുതായി പണിയുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ ഉണ്ടാകും. നിലവിലുള്ള ഡീസൽ പമ്പ്, വർക്ക് ഷോപ്പ്, ഗാരേജ്, ഓഫീസ് കെട്ടിടങ്ങൾ എന്നിവ കൂടിയാകുമ്പോൾ സർവ്വ സജ്ജമായ ആധുനിക ബസ് സ്റ്റേഷനായി ആലുവ കെ.എസ്.ആർ.ടി.സി സ്റ്റേഷൻമാറും.