school

കൊച്ചി: ഒന്ന് മുതൽ ഏഴു വരെ ക്ലാസുകൾ മാത്രം നടത്തുന്ന സ്‌കൂളുകൾക്കും സുരക്ഷിതമായ കെട്ടിടസൗകര്യം ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. അംഗീകാരമില്ലാത്ത സ്‌കൂളുകൾക്കെതിരെ നടപടിയെടുക്കാൻ തടസമില്ലെന്നും സിംഗിൾ ബെഞ്ച് ഉത്തരവിൽ പറഞ്ഞു.

അനുമതിയും കെട്ടിടസൗകര്യവുമില്ലാത്ത തോപ്പുംപടി അരൂജാസ് ലിറ്റിൽ സ്റ്റാഴ്സ് സ്‌കൂൾ അടച്ചുപൂട്ടണമെന്ന ഉത്തരവിലാണ് നിർദ്ദേശം. മൂലംകുഴി സ്വദേശി കെ.എ. വിൻസെന്റ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
അഫിലിയേഷൻ ലഭിക്കാത്തതിനാൽ സ്‌കൂളിലെ വിദ്യാർത്ഥികൾ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയെഴുതിയത്. ഏഴാം ക്ലാസ് വരെയാണുള്ളതെന്നാണ് സ്‌കൂൾ അധികൃതർ കോടതിയെ അറിയിച്ചത്. സ്‌കൂൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ രണ്ടു നിലകൾ കൂട്ടിച്ചേർത്തത് നിർമ്മാണാനുമതി ഇല്ലാതെയാണെന്ന് കോടതി കണ്ടെത്തി. സ്കൂളിന് സി.ബി.എസ്.ഇ അഫിലിയേഷനും സംസ്ഥാന സർക്കാർ അനുമതിയുമില്ല.

നിയമവ്യവസ്ഥകൾ കൃത്യമായി പാലിച്ചില്ലെങ്കിൽ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാരം നഷ്ടപ്പെടുമെന്ന് ഫുൾബെഞ്ച് ഉത്തരവിൽ പറയുന്നുണ്ട്. അരൂജാസ് സ്‌കൂളിന്റെ പ്രവർത്തനം അനുവദിക്കാനാവില്ലെന്നും വിദ്യാഭ്യാസ അധികൃതർ അടച്ചുപൂട്ടൽ ഉത്തരവിൽ തുടർനടപടി എടുക്കണമെന്നും കോടതി നിർദേശിച്ചു.