online-froud

ആലുവ: ജോലിയുമായി ബന്ധപ്പെട്ട് ഒൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണയെന്ന് റൂറൽ പൊലീസിന്റെ മുന്നണിയിപ്പ് വീണ്ടും. കഴിഞ്ഞ ദിവസം റൂറൽ പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ യുവാവാന് നഷ്ടമായ രൂപ തിരികെ കിട്ടി.

യുവാവ് ജോലിക്കായി ഒരു ഒൺലൈൻ സ്ഥാപനത്തിൽ പേര് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് യുവാവിന്റെ മൊബൈലിലേക്ക് വിളിയുമെത്തി. അവർ നിർദേശിച്ച വെബ്‌സൈറ്റിൽ 25 രൂപ അടച്ച് പേര് രജിസ്റ്റർ ചെയ്യാനായിരുന്നു ഫോണിലൂടെയുള്ള ആവശ്യം. യൂസർ ഐഡിയും, പാസ് വേഡും അവർ നൽകി. ഈ സൈറ്റിൽ കയറിയാൽ പണം അടക്കേണ്ട പേജിലേക്കാണ് ആദ്യം എത്തുക. പണം അടക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇക്കാര്യം കമ്പനിയെ അറിയിച്ചപ്പോൾ മറ്റൊരു കാർഡ് ഉപയോഗിക്കാനായിരുന്നു നിർദേശം.

ഇതിനിടെ അക്കൗണ്ടിൽ നിന്നും ഒരു തുക നഷ്ടമായെന്ന് മൊബൈലിൽ സന്ദേശമെത്തിയത്. ഈ വിവരം കമ്പനിയെ അറിയിച്ചപ്പോൾ മൊബൈലിൽ വന്ന മെസേജ് അയക്കാൻ അവർ ആവശ്യപ്പെട്ടു. ബാലൻസ് തുക എഡിറ്റ് ചെയ്ത സന്ദേശം യുവാവ് കമ്പനിക്ക് ഫോർവേഡ് ചെയ്തു. അപ്പോൾ സന്ദേശം പൂർണമായി അയക്കാനാവശ്യപ്പെട്ടു. ഇതോടെ തട്ടിപ്പാണെന്ന് മനസിലായ യുവാവ് കാർഡ് ബ്ലോക്ക് ചെയ്ത് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സൈബർ വിഭാഗം ഇടപെട്ട് നഷ്ടപ്പെട്ട തുക യുവാവിന് തിരികെ ലഭ്യമാക്കി. ഇതിന് പൊലീസിന് നന്ദി പറഞ്ഞ് യുവാവ് ഫേസ്ബുക്കിൽ പേസ്റ്റും ഇട്ടു.

ഒൺലൈൻ വഴി ജോലി ലഭ്യമാക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാരുമായുള്ള പണമിടപാടുകൾ സൂക്ഷിക്കണം. ഒ.ടി.പി നമ്പറുകൾ കൈമാറിയാൽ നഷ്ടം ഭീകരമായിരിക്കും, ഇതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.

കെ. കാർത്തിക്

ജില്ലാ പൊലിസ് മേധാവി

എറണാകുളം റൂറൽ