paadaom

ചോറ്റാനിക്കര: അടിയാക്കൽ കൃഷിയിറക്കാൻ തയ്യാറാണ്. പക്ഷേ ഈ കുഴികൾ മൂടണം. പാടശേരത്തിൽ ഇറങ്ങാൻ എങ്കിലും കഴിയണ്ടേ.പറയുന്നത് ചോറ്റാനിക്കരയിലെ ഒരു കൂട്ടം നെൽക്കർഷകരാണ്. അമ്പലമുകളിലേയ്ക്കുള്ള ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായെടുത്ത കുഴികളാണ് നെൽകർഷകരെ പാടത്തേക്ക് അടുപ്പിക്കാത്തത്. നേരത്തെ നിലമൊരുക്കുവാൻ കൊണ്ടുവന്ന ട്രാക്ടർ കുഴിയിൽ താഴ്ന്നിരുന്നു. പിന്നീട് ജെ.സി.ബി കൊണ്ടുവന്നാണ് ട്രാക്ടർ കരയ്ക്കു കയറ്റിയത്. ഇതിനായി വലിയൊരുത്തുക കർഷകർ മുടക്കേണ്ടിവന്നു. അപകടം പതിയിരിക്കുന്ന ചെളിക്കുഴികൾ നികത്താതെ കർഷകർക്ക് പാടത്ത് ഇറങ്ങാൻ കഴിയില്ലെന്നാണ് കർഷകർ പറയുന്നത്.

പൊന്ന് വിളയുന്നയിടം

തരിശ് നിലങ്ങളെ ഏറ്റെടുത്ത് സർക്കാർ പൊന്ന് വിളയിക്കുമ്പോഴും പ്രതാപകാലത്തെ ഓർമ്മകൾ അയവറക്കാനാണ് ചോറ്റാനിക്കര അടിയാക്കൽ പാടശേഖരത്തിന്റെ വിധി. ഒരുകാലത്ത് ജില്ലയുടെ നെല്ലുൽ ഉത്പാതനത്തിന്റെ നല്ലൊരു പങ്കും അടിയാക്കൽ പാടശേഖരത്തിൽ നിന്നായിരുന്നു. കൃഷി ചെയ്യാൻ ആരും മുന്നോട്ട് വരാതാകുകയും കാലക്രമേണ പാടശേഖരം തരിശ്‌നിലമാകുകയുമായിരുന്നു. 60 ഏക്കറിലധികമുണ്ട് അടിയാക്കൽ പാടശേഖരം.

ആദ്യം മാലിന്യകേന്ദ്രം
ചോറ്റാനിക്കര -കോട്ടയത്ത് പാറ റോഡിനു സമീപമാണ് അടിയാക്കൽ പാടശേഖരം. കൃഷി നിലച്ചതോടെ ഇവിടം മാലിന്യ നിക്ഷേപ കേന്ദ്രമായി. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് നഗരത്തിൽ നിന്നും മാലിന്യം പാടശേഖരത്തിലേയ്ക്ക് ഒഴുകുന്നത് പഞ്ചായത്തു ഭരണസമിതി ഇടപെട്ട് തടഞ്ഞു. കർഷകരുടെ കൂട്ടായ്മ രൂപീകരിച്ച് പഞ്ചായത്തിലെ മറ്റ് പാടശേഖരങ്ങളിൽ നെൽക്കൃഷി ആരംഭിക്കുവാൻ തീരുമാനിച്ചെങ്കിലും അടിയാക്കൽ പാടത്ത് കൃഷി ഇറക്കുവാൻ ആരും മുന്നോട്ട് വന്നല്ല.

കൃഷിമുടക്കി കുഴികൾ
കൃഷിയിറക്കാൻ പ്രധാന തടസം പാടശേഖരത്തിലെ ചെളിക്കുഴികളാണ്. പാടത്തിനു നടുവിലൂടെ അമ്പലമുകളിലേയ്ക്ക് ഗ്യാസ് കൊണ്ടു പോകുന്നതിന് പൈപ്പുകൾ സ്ഥാപിച്ചപ്പോൾ പൈപ്പുകൾ ഉയർത്തി നിർത്താൻ ഇവിടെ നിന്നും മണ്ണു കോരി നിറച്ച ചാക്കുകളാണ് ഉപയോഗിച്ചത്. ഇങ്ങനെ മണ്ണെടുത്തതിനെ തുടർന്ന് രൂപപ്പെട്ട കുഴികളാണ് പാടത്ത് ഇറങ്ങുവാൻ കഴിയാത്ത അവസ്ഥയുണ്ടാക്കിയത്.


ചോറ്റാനിക്കരയിലെ കർഷകരുടെ ആവശ്യം പരിഗണിച്ച് വെള്ളക്കെട്ട് ഒഴിവാക്കുവാൻ ആവശ്യമായ നടപടി സ്വീകരിക്കും. തോടുകൾ ശുചീകരിക്കും. പ്രധാന തോട്ടിൽ ചീപ്പ് നിർമ്മിച്ച് മോട്ടോർ ഉപയോഗിച്ച് വെള്ളം നിയന്ത്രിക്കും. കൊയ്ത്ത്‌മെതിയന്ത്രം വാങ്ങുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കും.ജില്ല ബ്ലോക്ക് പഞ്ചായത്തുകളുടെ സഹായത്തോടെ വിപുലമായ പദ്ധതി നടപ്പിലാക്കും.
എം.ആർ രാജേഷ്
പഞ്ചായത്ത് പ്രസിഡന്റ്

ഐ.ഒ.സി യിലേയ്ക്ക് ഗ്യാസ് കൊണ്ടു പോകുന്നതിനാണ് പാടത്തിലൂടെ പൈപ്പുകൾ സ്ഥാപിച്ചത്. ഇതു മൂലമുണ്ടായ കുഴികൾ നെൽകൃഷിക്ക് തടസമായിരിക്കുകയാണ്. അടിയന്തരമായി കമ്പനി ഇടപെട്ട് കുഴികൾ മണ്ണിട്ടു മൂടണം. കമ്പനി ഇതിനു തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി കർഷകർ രംഗത്തിറങ്ങും.
ഏലിയാസ് മത്തായി
നെൽ കർഷകൻ