cbi

കൊച്ചി: മാദ്ധ്യമപ്രവർത്തകൻ എസ്.വി. പ്രദീപ് മരിച്ച വാഹനാപകടത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. തിരുവനന്തപുരം നേമം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണം കാര്യക്ഷമവും ഫലപ്രദവുമല്ലെന്ന് പള്ളിച്ചൽ സ്വദേശിനി വി. വസന്ത കുമാരി ഹർജിയിൽ പറയുന്നു.
പ്രദീപ് മരണപ്പെട്ട ഡിസംബർ 14ന് മുമ്പ് പലതവണ വധഭീഷണിയുണ്ടായിരുന്നു. തെളിവ് സഹിതം പരാതി നൽകിയിട്ടും മതിയായ അന്വേഷണം നടത്തിയില്ല. എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയ കൊലപാതകക്കുറ്റം പൊലീസ് നരഹത്യയാക്കി മാറ്റി. ലോറി ശരീരത്തിലൂടെ കയറിയിറങ്ങിയെന്ന പൊലീസ് വാദത്തിന്റെ ലക്ഷണങ്ങൾ ശരീരത്തിലില്ല. ബൈക്ക് ഓടിച്ച പ്രദീപ് ഹെൽമെറ്റ് ധരിച്ചിരുന്നു. ബൈക്കിന് വലിയ കേടുപാടുകളുണ്ടായില്ല. ഇടിച്ച ലോറി നിറുത്താതെ പോയത് സംശയകരമാണ്. 24 മണിക്കൂറിനകം ലോറി പിടികൂടി ഡ്രൈവറെ അറസ്റ്റ് ചെയ്‌തെങ്കിലും അന്വേഷണം കാര്യക്ഷമമല്ല.
മുൻധാരണയോടെയാണ് അന്വേഷണം. സി.പി.എം സൈബർ പേരാളികളടക്കമുള്ളവരുടെ പോസ്റ്റുകളിൽ പ്രദീപിനെ കൊലപ്പെടുത്താൻ മുൻകൂട്ടി പദ്ധതിയിട്ടിരുന്നുവെന്ന് സംശയമുണ്ട്. പരാതിയിലെ ആരോപണങ്ങളെക്കുറിച്ചും അന്വേഷിക്കുന്നില്ല. സി.ബി.ഐ അന്വേഷണത്തിന് പ്രധാനമന്ത്രി, മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡി.ജി.പി എന്നിവർക്ക് നിവേദനം നൽകിയതായും ഹർജിയിൽ പറയുന്നു.