sivasankar

കൊച്ചി: സ്വർണക്കടത്തിൽ എൻഫോഴ്സ്‌മെന്റും കസ്റ്റംസും രജിസ്റ്റർ ചെയ്ത വ്യത്യസ്ത കേസുകളിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം അനുവദിച്ചു. എൻഫോഴ്സ്‌മെന്റ് കേസി​ൽ ഹൈക്കോടതിയും, കസ്റ്റംസ് കേസി​ൽ സാമ്പത്തിക കുറ്റകൃത്യം പരിഗണിക്കുന്ന കോടതിയുമാണ് ജാമ്യം നൽകി​യത്. ഡോളർ കടത്തി​യ കേസി​ലും അറസ്റ്റുള്ളതി​നാൽ ഇതി​ലും ജാമ്യം ലഭി​ച്ചാലേ ശി​വശങ്കറി​ന് പുറത്തി​റങ്ങാനാകൂ.

രണ്ട് ബാങ്കുകളിലെ ലോക്കറിൽ സൂക്ഷിച്ച പണം ശിവശങ്കറിന്റേതാണെന്ന് സ്വപ്നയുടെ മൊഴിയുണ്ടെന്ന ഇ.ഡി.യുടെ ആരോപണം ഭാഗികമായി ഹൈക്കോടതി​ സിംഗി​ൾ ബെഞ്ച് തള്ളി​.

എസ്.ബി.ഐ ലോക്കറിൽ നിന്ന് കണ്ടെടുത്ത 64 ലക്ഷം രൂപയുടെ കള്ളപ്പണം വെളുപ്പിക്കലുമായി മാത്രമേ ശിവശങ്കറിനെ ബന്ധിപ്പിക്കാനാകൂ. ഫെഡറൽ ബാങ്കിലെ സ്വപ്ന സുരേഷിന്റെ പേരിലെ ലോക്കറിൽ ശിവശങ്കറിനുള്ള ബന്ധം സ്ഥാപിക്കുന്ന തെളിവോ സൂചനകളോയില്ല. ഒരു കോടി രൂപയിൽ താഴെയുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടവ മാത്രമേ ശിവശങ്കറിന് മേൽ നിലനിൽക്കൂ. സ്വർണക്കടത്തിൽ ശിവശങ്കറിന്റെ നേരിട്ടുള്ള ബന്ധം തെളിയിക്കാൻ സാധിച്ചിട്ടില്ലെങ്കിലും സ്വപ്നയുടെ സ്വർണക്കടത്ത് ഇടപാടുകളെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നു. സ്വപ്നയുടെ ഇടപാടിലൂടെ ശിവശങ്കറിനും നേട്ടമുണ്ടായിട്ടുണ്ടെന്ന് കരുതേണ്ടിവരുമെന്നും ഹൈക്കോടതി വിലയിരുത്തി. രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ചില കർശന വ്യവസ്ഥകൾ ഒഴിവാക്കുകയും ചെയ്തു. ജാമ്യത്തിൽ വിട്ടാൽ ഹർജിക്കാരൻ കുറ്റകൃത്യം ചെയ്യാൻ സാദ്ധ്യതയുണ്ടെന്ന് പ്രോസിക്യൂഷന് സ്ഥാപിക്കാനായില്ലെന്നും സിംഗിൾബെഞ്ച് പറഞ്ഞു.

അറസ്റ്റു ചെയ്ത് 60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതി​നാലാണ് സാമ്പത്തി​ക കുറ്റകൃത്യം പരി​ഗണി​ക്കുന്ന കോടതി​ സ്വഭാവികജാമ്യം അനുവദി​ച്ചത്. രണ്ടു ലക്ഷം രൂപയുടെയും തുല്യതുകയ്ക്ക് രണ്ടുപേരുടെ ഉറപ്പിലുമാണ് ജാമ്യം. കുറ്റപത്രം സമർപ്പിക്കും വരെയോ മൂന്നു മാസം വരെയോ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. ജയിൽ മോചിതനായി ഏഴു ദിവസത്തിനകം പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുതെന്നും നിർദ്ദേശമുണ്ട്.

വിദേശത്തേയ്ക്ക് ഡോളർ കടത്തിയെന്ന കേസിൽ ശിവശങ്കറിനെ കസ്റ്റഡിയിൽ കിട്ടാൻ കസ്റ്റംസ് അപേക്ഷ സമർപ്പിച്ചു. ഒന്നരക്കോടി രൂപയുടെ ഡോളർ കടത്തിൽ ശിവശങ്കറിന്റെ പങ്കിന് ശക്തമായ തെളിവുണ്ടെന്നും കസ്റ്റംസ് അറിയിച്ചു. ബുധനാഴ്ച ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.