rebild
ആയവന പഞ്ചായത്തിൽ നടന്ന റീബിൽഡ് കേരളം 2020-21 മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിക്കുന്നു

മൂവാറ്റുപുഴ: റീബിൽഡ് കേരളം 2020-21 പദ്ധതിയിൽ ഉൾപ്പെടുത്തി മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾക്ക് ആയവന ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഇൻചാർജ് ഡോ.ഗോപകുമാർ.എ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ കടക്കോട്ട്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മെഴ്‌സി ജോർജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഭാസ്‌കരൻ നായർ, ജൂലി സുനിൽ, രഹ്ന സോബിൻ, ആയവന വെറ്റിനറി സർജൻ ഡോ.ബോബിപോൾ, പഞ്ചായത്ത് മെമ്പർമാർ,രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംസാരിച്ചു. പ്രളയാനന്തര കേരള പുനർ നിർമ്മാണമെന്ന ലക്ഷ്യത്തോടെ മൃഗസംരക്ഷണ മേഖലയെ സ്വയം പര്യാപ്തമാക്കുന്നതിനായി റീബിൽഡ് കേരളം പദ്ധതിയിൽ കർഷകർക്ക് ജീവനോപാധികൾ നൽകുന്നതാണ് പദ്ധതി. പദ്ധതിക്കായി 50ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. കേരളത്തിൽ സമീപകാലത്തുണ്ടായ മഹാപ്രളയങ്ങളിൽ വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ട കർഷകരെ വീണ്ടും ക്ഷീര കാർഷീക മേഖലയിലേയ്ക്ക് കൈപിടിച്ചുയർത്തുന്നതിനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പശു വളർത്തലിനായി രണ്ട് പശുക്കളെ ഉൾപ്പെടുന്ന 30യൂണിറ്റുകൾക്ക് യൂണിറ്റൊന്നിന് 60,000രൂപയാണ് നൽകുന്നത്. കിടാരി വളർത്തലിന് ഒരുവയസ് പ്രയമായ പശുക്കിടാവിനെ വാങ്ങുന്നതിന് എട്ട് യൂണിറ്റുകൾക്ക് യൂണിറ്റ് ഒന്നിന് 15,000രൂപയും, ആട് വളർത്തുന്നതിന് ആറ് ആടുകളെ വീതം 10യുണിറ്റുകൾക്ക് യൂണിറ്റ് ഒന്നിന് 25,000രൂപയും, പന്നി വളർത്തുന്നതിന് 10പന്നിക്കുഞ്ഞുങ്ങളെ എട്ട് യൂണിറ്റുകൾക്ക് യൂണിറ്റ് ഒന്നിന് 50,000രൂപയും, കോഴി വളർത്തുന്നതിന് രണ്ട് മാസം പ്രായമായ അഞ്ച് കോഴി വീതം 140യൂണിറ്റുകൾക്ക് യൂണിറ്റ് ഒന്നിന് 500രൂപ വീതവും, തീറ്റപ്പുൽ കൃഷിയ്ക്ക് 52യൂണിറ്റുകൾക്ക് യൂണിറ്റ് ഒന്നിന് 10,000രൂപയും, പശു തൊഴുത്ത് നിർമ്മാണത്തിന് (എസ്റ്റിമേറ്റ് തുകയുടെ 50ശതമാനം ) 10യൂണിറ്റിുകൾക്ക് യൂണിറ്റ് ഒന്നിന് 25,000രൂപയും, കാലിത്തീറ്റയ്ക്കായി രണ്ട് ചാക്ക് വീതം ആറ് മാസത്തേയ്ക്ക് 90യൂണിറ്റുകൾക്ക് യൂണിറ്റ് ഒന്നിന് 6000രൂപ.എന്നീ പദ്ധതികളാണ് നടപ്പിലാക്കുന്നത്.