മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിലെ ബ്യൂട്ടിപാർലറിൽ കയറി ജീവനക്കാരിയെ അപമാനിച്ച ആൾ പിടിയിൽ. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി മല്ലപ്പള്ളി കരയിൽ രാജേഷ് ജോർജിനെയാണ് (45 ) മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പകലാണ് സംഭവം നടന്നത്. സ്ഥിരമായി സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കയറി ഉടമസ്ഥൻ പറഞ്ഞുവിട്ട ആളെന്ന് തെറ്റിധരിപ്പിച്ച ശേഷം സ്ത്രീയെ കടന്നുപിടിക്കുന്ന രീതിയാണ് ഇയാൾ പിന്തുടരുന്നത്. സംസ്ഥാനത്തെ പല പൊലീസ് സ്റ്റേഷനിലും ഇത്തരത്തിൽ സ്ത്രീകളെ അപമാനിച്ചതിനെതിരെ ഇയാൾക്കെതിരെ കേസുണ്ട്.നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട് .സീരിയൽ സിനിമ എന്നിവയിൽ അവസരം നൽകാം എന്ന് പറഞ്ഞ് ഇയാൾ നിരവധി സ്ഥലത്തു അതിക്രമം നടത്തിയിട്ടുണ്ട്. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ജി. അനൂപിന്റെ നേതൃത്വത്തിൽ എ.എസ് ഐ ഷിബു ഇ.ആർ, സി.പി.ഒ ബിജി മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.