cable

കളമശേരി : നഗരസഭ 37-ാം വാർഡിൽ പത്തടിപ്പാലം തോടിന് കുറുകെയുള്ള കേബിളുകളും പൈപ്പുകളും മാറ്റുന്ന ജോലിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. കേബിളുകൾ തോട്ടിലുടെയുള്ള വെള്ളമൊഴുക്ക് തടസപ്പെടുത്തിയിരുന്നു. ഇത് നീക്കം ചെയ്ത് മഴക്കാലത്ത് വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മേത്തർ നഗർ, ഗംഗ നഗർ, നജാത്ത് നഗർ തുടങ്ങിയ റസിഡൻസ് അസോസിയേഷനുകൾ നഗരസഭക്ക് പരാതി നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്ന സമയത്ത് ആദ്യഘട്ടമെന്ന നിലയിൽ കുറച്ച് സ്വകാര്യ മൊബൈൽ കമ്പനികളുടെ കേബിളുകളും പൈപ്പുകളും മാത്രമെ മുറിച്ച് മാറ്റിയിരുന്നുള്ളൂ. ഇതിൽ ബി.എസ്.എൻ.എൽ കേബിളുകൾ മാറ്റി സ്ഥാപിക്കുന്ന ജോലിയാണ് രണ്ടാം ഘട്ടത്തിൽ ആരംഭിച്ചത്. ഇനി വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ കൂടി മാറ്റി സ്ഥാപിക്കാനുണ്ട്. ഇതിന് ശേഷം തോടിൽ അടിഞ്ഞ് കൂടിയിട്ടുള്ള മണ്ണും മാലിന്യങ്ങളും നീക്കം ചെയ്ത് തോടിലൂടെയുള്ള ഒഴുക്ക് സുഗമമാക്കുമെന്ന് വാർഡ് കൗൺസിലർ റഫീഖ് മരക്കാർ പറഞ്ഞു.