മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ മിനി തപാൽ മ്യൂസിയം ഒരുക്കുന്ന തിരക്കിലാണ് ഹെഡ് പോസ്റ്റാഫീസിലെ ജീവനക്കാർ. രാജഭരണകാലത്തെ അഞ്ചൽ നോട്ടീസ് ബോർഡും, അഞ്ചൽ പെട്ടിയുമെല്ലാം ശേഖരത്തിലുണ്ട്. ഇവ മിനുക്കിയെടുത്ത് ഓഫീസിൽ സ്ഥാപിച്ചുകഴിഞ്ഞു. പുതുതലമുറയ്ക്ക് താപാലിന്റെ ചരിത്രം മനസിലാക്കാനും നേരിട്ട് കാണാനും അവസരം ഒരുക്കുക കൂടിയാണ് മിനി മ്യൂസിയത്തിലൂടെ ഉദ്യോഗസ്ഥർ ലക്ഷ്യമിടുന്നത്.10 വർഷം മുമ്പാണ് അഞ്ചൽപ്പെട്ടി ജീവനക്കാർക്ക് ലഭിച്ചത്. ഇത് പഴമയൊട്ടും ചോരാതെ ഓഫീസിന് മുന്നിലാണ് സ്ഥാപിച്ചിട്ടുള്ളത്. അഞ്ച് അടിയോളം ഉയരമുള്ള ഉരുക്കു കൊണ്ടുണ്ടാക്കിയ അഞ്ചൽപെട്ടി ഇപ്പോഴും പോസ്റ്റ് ഓഫിസിൽ എത്തുന്നവർക്ക് കൗതുക കാഴ്ചയാണ്. കഴിഞ്ഞ ദിവസം സ്റ്റോർ റൂം പരിശോധനയ്ക്കിടെയാണ് അഞ്ച് നോട്ടീസ് ബോർഡ് ലഭിച്ചത്. തേക്കിലാണ് നിർമ്മിച്ചിട്ടുള്ള നോട്ടീസ് ബോർഡിന് വർഷങ്ങൾ പഴക്കമുണ്ട്. ഒരു മീറ്റർ നീളവും 60 സെന്റീമീറ്റർ വീതിയിലുമാണ് ബോർഡ് നിർമ്മിച്ചിരിക്കുന്നത്. പഴയകാല സ്റ്റാംപുകളും തപാൽ മുദ്രകളും തപാൽ കാർഡുകളും പഴയകാല തപാൽ ഉപകരണങ്ങളും ഒക്കെ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുൾപ്പടെ നിരവധിപ്പേരാണ് മൂവാറ്റുപുഴ ഹെഡ് പോസ്റ്റോഫീസിൽ ചരിത്ര ശേഷിപ്പുകൾ കാണാൻ എത്തുന്നത്. ഇതേ തുടർന്നാണ് തപാൽമ്യൂസിയം എന്ന ആശയം ജീവനക്കാരുടെ മനസിലുദിച്ചത്.