മൂവാറ്റുപുഴ: കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്തെ സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ബസ് വേയിലും സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിലേയും പാർക്കിംഗാണ് നൂറുകണക്കിനു യാത്രക്കാർക്കു ദുരിതം സമ്മാനിക്കുന്നത്. ഇതിനു പുറമെ ബസ് കാത്തിരിപ്പുകേന്ദ്രം ഇരുചക്ര വാഹനങ്ങള്ളുടെ വിശ്രമ കേന്ദ്രയാതോടെ യാത്രക്കാർക്ക് ഇരട്ടി ദുരിതമാണ്.
കാറുകളടക്കമുള്ള നിരവധി വാഹനങ്ങളാണ് ദിവസവും ബസ് വേയിൽ സ്ഥാനം പിടിക്കുന്നത്. രാവിലെ വാഹനം പാർക്ക് ചെയ്ത് ദൂരസ്ഥലങ്ങളിലേയ്ക്കു യാത്രപ്പോകുന്നവർ മടങ്ങിയെത്തുമ്പോൾ രാത്രിയാകുന്നതും പ്രശ്‌നമാകുന്നുനുണ്ട് .
മൂവാറ്റുപുഴയിൽ നിന്നു സംസ്ഥാനത്തിനു അകത്തേയും പുറത്തേയും വിവിധയിടങ്ങളിലേയ്ക്കു യാത്ര പോകേണ്ടവർ ബസ് കയറുന്ന ഇവിടെ എല്ലാ സമയങ്ങളിലും തിരക്കാണ്. ഓഫീസ് സമയങ്ങളിലാണ് പ്രശ്‌നം കൂടുതൽ സങ്കീർണമാകുന്നത്. കോട്ടയം, പിറവം ഭാഗങ്ങളിൽ നിന്നും വരുന്നതും മൂവാറ്റുപുഴയിൽ ട്രിപ്പ് അവസാനിക്കുന്നതുമായ കെ.എസ്.ആർ.ടി.സി ബസുകൾ ബസ് വേയിൽ നിർത്തിയാണ് യാത്രക്കാരെ ഇറക്കുന്നത്. സ്ത്രീകളും വിദ്യാർത്ഥികളുമടക്കമുള്ള കാൽനടയാത്രക്കാരും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പ്രശ്‌നവുമായി ബന്ധപ്പെട്ട് നാട്ടുകാർ പലവട്ടം പരാതി നൽകിയിരുന്നു. നടപടി സ്വീകരിക്കേണ്ടവർ അനങ്ങിയിട്ടില്ലെന്ന പരാതിയാണ് യാത്രക്കാർക്കുള്ളത്.
ഗതാഗത കുരുക്കിന് കാരണമാകുന്നു
സ്വകാര്യ ബസുകൾ യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും ബസ് വേയിലാണ്. അനധികൃത പാർക്കിംഗ് മൂലം ഏറെ പണിപ്പെട്ടാണ് ബസുകൾ ബസ് വേയിലൂടെ കടന്നുപോകുന്നത്. റോഡിനു ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതിനാൽ ബസുകൾ മുന്നോട്ടു നീക്കി നിർത്തുന്നത് ഗതാഗത കുരുക്കിനും കാരണമാകുന്നുണ്ട്.