aju

കൊച്ചി : ഒാൺലൈൻ ചൂതാട്ടവും പന്തയവും നിരോധിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശി പോളി വടക്കൻ നൽകിയ പൊതുതാത്പര്യ ഹർജിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കൊഹ്‌ലി, ചലച്ചിത്ര താരങ്ങളായ തമന്ന, അജു വർഗീസ് എന്നിവർക്ക് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ച് സംസ്ഥാന സർക്കാരിനോടു വിശദീകരണം തേടിയിട്ടുമുണ്ട്.

കേരളത്തിൽ നിലവിലുള്ള കേരള ഗെയിമിംഗ് ആക്ട് 1960ൽ ഒാൺലൈൻ ഗെയിമുകൾ ഉൾപ്പെടുന്നില്ല. ഇൗ പഴുതുപയോഗിച്ച് ഒാൺലൈൻ റമ്മിയടക്കം സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന ഗെയിമുകൾ കേരളത്തിൽ വ്യാപകമാണ്. സിനിമാ - കായിക താരങ്ങൾ ഇവയെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് സാധാരണക്കാരെ ചൂതാട്ടങ്ങളിലേക്ക് ആകർഷിക്കുകയാണെന്നും പണം നഷ്ടപ്പെടുന്നവരേറെയാണെന്നും ഹർജിയിൽ പറയുന്നു. കേരളത്തിൽ ഒാൺലൈൻ ഗെയിമുകൾ നിയന്ത്രിക്കാൻ നിയമം വേണമെന്നും അതുവരെ നിരോധിക്കണമെന്നും ആവശ്യപ്പെടുന്നു.