കൊച്ചി:കോൺഗ്രസിലെ ഗ്ളാമർ എം.എൽ.എയും പ്രഗല്ഭ പാർലമെന്റേറിയനുമായ വി.ഡി.സതീശൻ പറവൂർ മണ്ഡലത്തിൽ അഞ്ചാമങ്കത്തിന് ഇറങ്ങുമെന്ന് ഉറപ്പായി. സാമ്പത്തിക വിഷയങ്ങൾ സമർത്ഥമായി കൈകാര്യം ചെയ്യാൻ കഴിവുള്ള സതീശൻ, യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ധനമന്ത്രിയാകുമെന്നാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന സൂചന. ലോട്ടറി, മസാല ബോണ്ട്, കിഫ്ബി വിഷയങ്ങളിൽ ധനമന്ത്രി തോമസ് ഐസക്കുമായി ഏറ്റുമുട്ടിയത് സതീശനാണ്.
എറണാകുളം മരട് സ്വദേശിയായ സതീശൻ 2001ലാണ് പറവൂരിൽ ആദ്യം മത്സരിച്ചത്. സി.പി.ഐയിലെ കെ.എം.ദിനകരനായിരുന്നു എതിരാളി. 7,792 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. 2006ലും ദിനകരനെ തോല്പിച്ചു. 2011ലും 2016 ലും വിജയം ആവർത്തിച്ചു. പി.കെ. വാസുദേവൻനായരുടെ മകൾ ശാരദാ മോഹനനെയാണ് 2016ൽ പരാജയപ്പെടുത്തിയത്. ഭൂരിപക്ഷം 20,634 വോട്ട്.
അതേസമയം, സി.പി.ഐയിൽ നിന്ന് മണ്ഡലം ഏറ്റെടുക്കാൻ സി.പി.എം ശ്രമം ആരംഭിച്ചിട്ടുണ്ട്.സർക്കാരിന് തലവേദന സൃഷ്ടിച്ചവരിൽ പ്രധാനിയായ സതീശനെ എങ്ങനെയും തോല്പിക്കുകയാണ് ലക്ഷ്യം. സി.പി.എമ്മാണെങ്കിൽ മത്സരം കടുക്കും. പ്രളയ പുനരധിവാസത്തിന് സതീശന്റെ നേതൃത്വത്തിൽ ആരംഭിച്ച പുനർജനി പദ്ധതിക്ക് നിയമവിരുദ്ധമായി വിദേശസഹായം സ്വീകരിച്ചെന്ന പരാതിയുൾപ്പെടെ പ്രചാരണ വിഷയമാക്കാമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടൽ.
അനുകൂല ഘടകങ്ങൾ
ഏത് വിഷയവും ആഴത്തിൽ പഠിക്കുകയും നിയമസഭയിലും പുറത്തും സമർത്ഥമായി അവതരിപ്പിക്കുകയും ചെയ്യുന്നതാണ് സതീശന്റെ വലിയ മികവ്. സാമുദായിക സമവാക്യങ്ങളും അനുകൂലമാണെന്ന് സതീശൻ വിലയിരുത്തുന്നു. എല്ലാ വിഭാഗങ്ങളുമായും പുലർത്തുന്ന അടുപ്പവും ഗുണകരമാകും. കഴിഞ്ഞതവണ ബി.ഡി.ജെ.എസിന്റെ ഹരി വിജയൻ 28,097 വോട്ട് നേടിയിട്ടും ഭൂരിപക്ഷം വർദ്ധിപ്പിച്ചത് കൂടുതൽ ആത്മവിശ്വാസം നൽകുന്നു. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും വോട്ടാകുമെന്നാണ് യു.ഡി.എഫിന്റെ ഉറച്ച വിശ്വാസം. ഡി.സി.സി ഭാരവാഹിത്വം മുതൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് പദവിവരെ വഹിച്ച സതീശന്റെ ജനകീയതയും ഗുണകരമാകും.