കൊച്ചി : നടിയെ ആക്രമിച്ച് അശ്ളീലദൃശ്യം പകർത്തിയ കേസിലെ മാപ്പുസാക്ഷിയായ ചങ്ങനാശേരി സ്വദേശി വിപിൻലാലിന് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ ജാമ്യമനുവദിച്ചു. ജനുവരി 29ന് വിപിൻ ലാൽ വിചാരണക്കോടതിയിൽ ഹാജരാകണം. 50,000 രൂപയുടെ ബോണ്ടിന്മേലാണ് സിംഗിൾ ബെഞ്ച്
ജാമ്യംനൽകിയത്. മൊഴിനൽകാൻ വിപിൻലാൽ എന്ന് ഹാജരാകണമെന്ന് വിചാരണക്കോടതി നിർദേശിക്കണമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു. ഇയാളുടെ ഹർജി പിന്നീടു പരിഗണിക്കാൻ മാറ്റി.
വിപിൻലാൽ മറ്റൊരു കേസിൽ ജാമ്യം ലഭിച്ചതിനെത്തുടർന്ന് ജയിലിൽ നിന്നിറങ്ങിയിരുന്നു. മാപ്പുസാക്ഷി വിചാരണ കഴിയുംവരെ തടവിൽ കഴിയണമെന്നിരിക്കെ വിപിൻലാൽ പുറത്തിറങ്ങിയതിനെതിരെ കേസിലെ എട്ടാംപ്രതി നടൻ ദിലീപ് നൽകിയ പരാതിയിൽ ഇയാളെ അറസ്റ്റുചെയ്ത് ഹാജരാക്കാൻ വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. തന്നെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചിരുന്നെന്നും ഇതിനു വഴങ്ങാത്തതിനാൽ ഭീഷണിപ്പെടുത്തിയെന്നും വിപിൻലാൽ വാദിച്ചു.ക്ഷയരോഗിയായ തന്നെ ജയിലിലടയ്ക്കുന്നത് ശിക്ഷിക്കുന്നതിനു തുല്യമാണെന്നും വിപിൻലാൽ വാദിച്ചു. തുടർന്നാണ് ജാമ്യം അനുവദിച്ചത്. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ജയിലിൽ കഴിയുമ്പോൾ ദിലീപിന് നൽകാൻ കത്തെഴുതിക്കൊടുത്തത് ഒപ്പമുണ്ടായിരുന്ന വിപിൻലാലായിരുന്നു.