കൊച്ചി: മണ്ണുത്തി - വടക്കുഞ്ചേരി റൂട്ടിൽ കുതിരാനിലെ ഇരട്ട ടണൽപാതയുടെ പ്രശ്നങ്ങൾ പഠിച്ച് 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ഐ.ഐ.ടി വിദഗ്ദ്ധനായ ഡോ. ശിവകുമാർ ബാബുവിനെ ഹൈക്കോടതി നിയോഗിച്ചു. കുതിരാനിലെ യാത്രാദുരിതം പരിഹരിക്കാൻ നടപടിതേടി ചീഫ് വിപ്പ് കെ. രാജൻ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ഇരട്ട ടണൽപാതയിൽ പാറയിടിഞ്ഞു വീഴുന്നതിനുള്ള കാരണം ഉൾപ്പെടെ വ്യക്തമാക്കുന്ന റിപ്പോർട്ടാണ് ഹൈക്കോടതി തേടിയത്. ദേശീയപാത അതോറിട്ടി എൻജിനീയറോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. ഹർജി ഫെബ്രുവരി എട്ടിന് വീണ്ടും പരിഗണിക്കും. കുതിരാനിലെ ടണൽ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കാൻ ഒരു വിദഗ്ദ്ധനെ നിയോഗിച്ചിട്ടുണ്ടെന്ന് ഇന്നലെ ഹർജി പരിഗണിക്കുമ്പോൾ ദേശീയപാത അതോറിട്ടി ഹൈക്കോടതിയിൽ വ്യക്തമാക്കി. തുരങ്കത്തിന്റെ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കാൻ മെട്രോമാൻ ഇ. ശ്രീധരനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ചീഫ് വിപ്പ് കെ. രാജൻ ഉപഹർജിയും നൽകിയിരുന്നു. കുതിരാനിൽ പാറ പൊട്ടിക്കുന്നത് അശാസ്ത്രീയമാണെന്നും ഇതാണ് പാറവീഴാൻ കാരണമെന്നും ആരോപിക്കുന്നുണ്ട്.
ഒരു ടണൽ മാർച്ചിൽ
മാർച്ച് അവസാനം കുതിരാനിലെ ഒരു ടണലിന്റെ നിർമ്മാണം പൂർത്തിയാകുമെന്ന് കരാറുകാരുടെ അഭിഭാഷകൻ വ്യക്തമാക്കി. ഇതു ഗതാഗതത്തിന് തുറന്നുകൊടുക്കാൻ നിരവധി കടമ്പകൾ കടക്കണം. കുതിരാൻ കടക്കുന്നതിന് ജീവിതത്തിന്റെ പകുതിസമയം കളയേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്ന് ഇൗ ഘട്ടത്തിൽ കോടതി വാക്കാൽ പറഞ്ഞു. തുരങ്കത്തിൽ പാറ ഇടിഞ്ഞുവീഴുന്ന സ്ഥിതിയുണ്ടെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയപ്പോൾ പാറവീണത് തുരങ്കത്തിനു പുറത്താണെന്ന് ദേശീയപാത അതോറിട്ടിയും വാദിച്ചു. എന്തായാലും പാറവീണെന്നതു സത്യമാണെന്ന് ഇൗ ഘട്ടത്തിൽ അഭിപ്രായപ്പെട്ട കോടതി തുടർന്നാണ് റിപ്പോർട്ട് തേടിയത്.