വൈപ്പിൻ: നായരമ്പലം നെടുങ്ങാട് ഹെർബർട്ട് പാലം നിർമ്മാണത്തിന് ഭരണാനുമതി നല്കിയ കിഫ്ബി കാലുമാറി ചതിച്ചെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോൾ കിഫ്ബി ചതിച്ചിട്ടില്ലെന്നും ഒരു വർഷം മുൻപാണ് കിഫ്ബി ഭരണാനുമതി നല്കിയതെന്നും കൊവിഡ്, തിരഞ്ഞെടുപ്പ് എന്നിവ കാരണം ചില കാലതാമസം മാത്രമാണ് ഉണ്ടായതെന്നും നടപടി ക്രമംപൂർത്തിയാക്കി കിഫ്ബി സാങ്കേതികാനുമതി താമസിയാതെ ഉണ്ടാകുമെന്നും എസ്. ശർമ്മ എം.എൽ.എ. വ്യക്തമാക്കി.
കൊച്ചി ദിവാനായിരുന്ന ഹെർബർട്ട് മുൻ കൈയെടുത്താണ് 1927ൽ വൈപ്പിൻ കരയെ നെടുങ്ങാട് ദ്വീപുമായി ബന്ധിപ്പിക്കുന്ന പാലം നിർമ്മിച്ചത്. നാട്ടിൽ മോട്ടോർ വാഹനങ്ങളൊന്നുമില്ലാതിരുന്ന അക്കാലത്ത് ചവിട്ടുപടിയുള്ള നടപ്പാലം മാത്രമായിരുന്നു ഹെർബർട്ട് പാലം. 30 വർഷം മുൻപ് ഈ പാലം തകർന്നു. തുടർന്ന് നെടുങ്ങാട് ദ്വീപിലേക്ക് വഞ്ചികടത്തായിരുന്നു ആശ്രയം. ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന ഇപ്പോഴത്തെ പാലം നിർമ്മിച്ചത് 2001ലാണ്. നാട്ടിലുണ്ടായ വികസനത്തെ തുടർന്ന് വലിയ വാനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന പാലം വേണമെന്ന ആവശ്യത്തെ തുടർന്നാണ് ഭരണതലത്തിൽ പുതിയപാലത്തിനുള്ള നീക്കമുണ്ടായത്. 10.40കോടി ചെലവിൽ കിഫ്ബി ധനസഹായത്തോടെ പാലം നിർമ്മിക്കുന്നതിനുള്ള അനുമതി 2020 ഫെബ്രുവരി 11ന് ഇറങ്ങി. തുടർന്ന് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിന് 16 സെന്റ് ഭൂമി ഏറ്റെടുക്കുന്നതിനും പാരിസ്ഥിതാകനുമതിക്കുമായിട്ടുള്ള നിർദ്ദേശങ്ങളും സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.നായരമ്പലം പള്ളിപ്പാലം, ബി.എം.ബി.സി നിലവാരത്തിലുള്ള നെടുങ്ങാട് റോഡ് എന്നിവ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി ഇതിനകം പൂർത്തികരിച്ചിട്ടുണ്ട്. പുതിയ ഹെർബർട്ട് പാലം വരുന്നതോടെ നായരമ്പലം, എടവനക്കാട്, ഞാറയ്ക്കൽ ഗ്രാമപഞ്ചായത്തുപ്രദേശങ്ങളിലൂടെയും നെടുങ്ങാട്, വലിയവട്ടം എന്നി ദ്വീപുകളെയും ബന്ധിപ്പിച്ചുകൊണ്ട് വൈപ്പിൻപള്ളിപ്പുറം സംസ്ഥാനപാതയിൽ നിന്ന് കണ്ടെയ്‌നർ റോഡിൽ 3 കി.മീ. സമീപം വരെ പുതിയ സഞ്ചാരപാതയൊരുങ്ങും.
ദുഷ്പ്രചരണംങ്ങൾക്ക് അടിസ്ഥാനമില്ല
പാലം നിർമ്മാണത്തിനുള്ള സാങ്കേതികാനുമതിക്കുള്ള ഫയൽ നിലവിൽ കിഫ്ബി ബോർഡിന്റെ പരിഗണനയിലാണെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടുയുള്ള കാര്യങ്ങൾക്ക് ഇനിയും സ്വാഭാവികമായ സമയം ആവശ്യമാണ്. വാസ്തവം ഇതായിരിക്കെ പദ്ധതിതന്നെ ഇല്ലാതായെന്നും കിഫ്ബി ചതിച്ചെന്നും മറ്റുമുള്ള ദുഷ്പ്രചരണങ്ങൾക്ക് അടിസ്ഥാനമില്ല.