sayanthanam
നായരമ്പലത്ത് സായന്തനം ഭവനം പ്രൊഫസർ എം.കെ. സാനു ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: മുതിർന്ന പൗരന്മാർക്ക് താങ്ങും തണലുമായി നായരമ്പലത്ത് സായന്തനം എന്ന പേരിൽ ഭവനം തുറന്നു. ഹോമിയോചികിത്സാരംഗത്ത് അരനൂറ്റാണ്ടോളം പാവപ്പെട്ടവർക്ക് ആശ്രയമായിരുന്ന ഡോ. പി.കെ. ശങ്കുണ്ണി മേനോന്റെ സ്മരണക്കായി രൂപീകരിച്ച പബ്‌ളിക്ക് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ ശങ്കരനാരായണ ക്ഷേത്രത്തിന്റെ തെക്കു വശത്താണ് ഭവനം ഒരുക്കിയത്. ഇതിനൊടൊപ്പം സൗജന്യ ഹോമിയോ ഡിസ്പൻസറിയും പ്രവർത്തനമാരംഭിക്കും.
വയോജനങ്ങൾക്ക് ഏകാന്തതയ്ക്ക് വിടപറഞ്ഞും വിരസതക്ക് വിരാമമിട്ടും ഊർജ്ജസ്വലതയോടെ സന്തോഷകരമായ ജീവിതസായാഹ്നം ഉറപ്പുവരുത്തുകയാണ് സായന്തനത്തിന്റെ ലക്ഷ്യം. 28 പേർക്ക് ഇവിടെ താമസ സൗകര്യമുണ്ട്. സായന്തനത്തിന്റെ ഉദ്ഘാടനം പ്രൊഫ. എം.കെ. സാനു നിർവഹിച്ചു. ജസ്റ്റിസ് പി.വി. ആശപതാകഉയർത്തി. എസ്. ശർമ്മ എം.എൽ.എ., പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ് വാർഡ്‌മെമ്പർ വിജില രാധാകൃഷ്ണൻ, ട്രസ്റ്റ് പ്രസിഡന്റ് അഡ്വ. എം.ആർ. രാജേന്ദ്രൻ നായർ സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ. രാജീവ്, നാളികേരവികസന ബോർഡ് മുൻമേധാവി പി.കെ.തമ്പാൻ, ടി. ആർ. ദേവൻ, പി.എസ്. ശരത്ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.