ration

കൊച്ചി: സൗജന്യകിറ്റ്, റേഷൻ എന്നിവയുടെ വിതരണം പുരോഗമിക്കുന്നതിനിടെ അടിയ്ക്കടിയുണ്ടാവുന്ന സെർവർ മുടക്കം ജനങ്ങളെ വലയ്ക്കുന്നു. പലയിടങ്ങളിലും റേഷൻ വിതരണം പാതിവഴിയിലാണ്. ഡിസംബറിലെ കിറ്റ് വിതരണമാണ് നിലവിൽ പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ നിരവധി തവണ സർവർ പണിമുടക്കിയിരുന്നു. ഇന്നലെ രാവിലെ മുതൽ വീണ്ടും തകരാറിലായതോടെ വിതരണം പൂർണമായും മുടങ്ങി.

യന്ത്രം പ്രവർത്തിച്ച റേഷൻകടകളിൽ തന്നെ ഓരോരുത്തരുടെയും വിരലടയാളം പതിക്കാനും ഒ.ടി.പി വരാനുമൊക്കെ ഏറെനേരം കാത്തിരിക്കേണ്ട അവസ്ഥയാണുണ്ടായത്.

നെറ്റ് വർക്ക് കിട്ടാതെ ഇടയ്ക്കിടക്ക് ഇ പോസ് തടസപ്പെടാറുണ്ട്. മണിക്കൂറുകളോളം സേവനം നിലച്ചതോടെയാണ് റേഷൻ വിതരണം സ്തംഭിച്ചത്. ജില്ലയിലെ 1,333 റേഷൻ കടകളിൽ നാലു മണിക്കൂറോളം പൂർണമായും പ്രവർത്തനം മുടങ്ങി. പലയിടങ്ങളിലും റേഷൻ കാർഡുടമകളുടെ തിരക്കു മൂലം ഉച്ചയ്ക്ക് ശേഷം കടകൾ പൂർണമായും അടച്ചിട്ടു. ജില്ലയിൽ 8,68,970 റേഷൻ കാർഡ് ഉടമകളാണുള്ളത്. ഇവർക്കുള്ള സൗജന്യ കിറ്റ് വിതരണം നാലു ദിവസം മുമ്പാണ് ആരംഭിച്ചത്. കിറ്റ് വിതരണത്തിലെ കമ്മിഷൻ സംബന്ധിച്ച് തർക്കം നിലനിന്നിരുന്നതിനാൽ ഡിസംബറിലെ കിറ്റ് വിതരണത്തിൽ അനിശ്ചിതത്വം അവസാനിച്ചിട്ടില്ല. സർവർ തകരാറിലായതോടെ നാഷനൽ ഇൻഫോർമാറ്റിക് സെന്ററിന്റെ നേതൃത്വത്തിൽ പ്രശ്‌നം പരിഹരിക്കാൻ നടപടി സ്വീകരിച്ചു. പ്രശ്‌നം പൂർണമായും പരിഹരിക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്നത്. ഇപോസ് മെഷനിലൂടെ റേഷൻ വിതരണം ആരംഭിച്ച ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 89,55,555 റേഷൻ കാർഡുകളിലെ വിവരങ്ങൾ ഉൾക്കൊള്ളാൻ സെർവറിന് കഴിയാത്തതു മൂലം പ്രശ്‌നങ്ങൾ പതിവായിരുന്നു. പിന്നീട് സർവർ മാറ്റി പ്രശ്‌നം പരിഹരിക്കാൻ നടപടി സ്വീകരിച്ചെങ്കിലും നടപ്പിലായില്ല. മാസാവസാനമായതിനാൽ കൂടുതൽ പേർ റേഷൻ വാങ്ങാനെത്തിയതാണ് നെറ്റ് വർക്ക് പ്രശ്‌നത്തിന് കാരണമെന്നാണ് അധികൃതർ പറയുന്നത്.


സിവിൽ സപ്ലൈസ് വകുപ്പിനെ അറിയിച്ചു


സർവർ തകരാറിലായത് സംബന്ധിച്ച് രാവിലെ മുതൽ തന്നെ സിവിൽ സപ്ലൈസ് വകുപ്പിനെ അറിയിച്ചുണ്ട്. അടിയന്തിരമായി സർവർ പുനസ്ഥാപിക്കുമെന്ന് ഉറപ്പ് ലഭിച്ചു.

വി.ഡി. ഡേവിസ്
ജില്ലാ സപ്ലൈ ഓഫീസർ
എറണാകുളം



അധികാരികളുടെ അനാസ്ഥ

റേഷൻ കടയിൽ സർവർ തകരാർ മൂലം റേഷൻ വിതരണം സ്ഥിരമായി തടസപ്പെടുന്നത് അധികാരികളുടെ അനാസ്ഥയാണ്. മൂന്ന് വർഷമായി ഇ പോസ് സംവിധാനം വന്നിട്ടു ഇതിന് പരിഹാരം കാണാത്തത് മൂലവും സർവർ തകരാർ പതിവാകുന്നിനാലും കാർഡുടമകളും വ്യാപാരികളും തമ്മിൽ വാക്കുതർക്കവും സംഘർഷഭരിതമാകുന്നു. അടിയന്തിരമായി ശാശ്വത പരിഹാരമുണ്ടാവണം.


എൻ. ഷിജിർ
സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി
കെ.എ.ആർ.ആർ.ഡി.എ.