m-sivasankar

കൊച്ചി: വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ വിചാരണക്കോടതി ഫെബ്രുവരി ഒമ്പതുവരെ റിമാൻഡ് ചെയ്തു. കേസിൽ ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ കോടതി ഫെബ്രുവരി ഒന്നിന് പരിഗണിക്കും. തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലെ സാമ്പത്തികവിഭാഗം മുൻമേധാവി ഖാലിദ് വിദേശത്തേക്ക് 1.90 ലക്ഷം ഡോളർ കടത്തിയ കേസിലാണ് ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റുചെയ്തത്.

ജാമ്യത്തിലിറങ്ങുന്നതു തടയാനാണെന്ന് ശിവശങ്കർ

ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതിയും കസ്റ്റംസിന്റെ കേസിൽ വിചാരണക്കോടതിയും നൽകിയ ജാമ്യം നടപ്പാക്കുന്നതു തടയാനും തടവിൽ പാർപ്പിക്കാനുമാണ് ഡോളർ കേസിൽ തന്നെ പ്രതിയാക്കിയതെന്ന് ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ പറയുന്നു. സ്വർണക്കടത്തു കേസിൽ കസ്റ്റഡിയിൽ കഴിയുന്ന സ്വപ്നയുടെയും സരിത്തിന്റെയും മൊഴിയെത്തുടർന്നാണ് പ്രതിചേർത്തത്. ഇതു നിലനിൽക്കില്ലെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.