south

കൊച്ചി: എറണാകുളം ജംഗ്‌ഷൻ (സൗത്ത്) റെയിൽവെ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിൽ ആധുനികവത്‌കരിക്കുന്ന പദ്ധതി ഏറ്റെടുക്കാൻ അദാനി ഉൾപ്പെടെ 15 വമ്പൻ കമ്പനികൾ രംഗത്ത്. ടെൻഡർ നടപടികൾക്ക് മുന്നോടിയായി കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ അദാനിയെ കൂടാതെ കൽപത്രു ഗ്രൂപ്പ്, ആങ്കറേജ് ഇൻഫ്രാസ്‌ട്രക്ചർ, ഐ സ്ക്വയേർഡ് ക്യാപിറ്റൽ, ജി.എം.ആർ ഗ്രൂപ്പ്, ഓമാക്സ് ഗ്രൂപ്പ് തുടങ്ങിയ കമ്പനികളുടെ പ്രതിനിധികൾ പങ്കെടുത്തു. സൗത്ത് സ്റ്റേഷൻ ആധുനികവത്കരണത്തിന് റിയൽ എസ്റ്റേറ്റ് റെയിൽവെ ലാൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ആർ.എൽ.ഡി.എ) കഴിഞ്ഞ മാസമാണ് താല്പര്യപത്രം ക്ഷണിച്ചത്. 229 കോടി രൂപ ചെലവിലാണ് സ്റ്റേഷൻ ആധുനികവത്കരിക്കുന്നത്. ഫെബ്രുവരി 22 വരെ സ്വകാര്യ കമ്പനികൾക്കും കൺസോർഷ്യങ്ങൾക്കും താല്പര്യപത്രം സമർപ്പിക്കാം.

സ്റ്റേഷൻ അടിപൊളിയാകും

മൾട്ടി ലവൽ പാർക്കിംഗ്, ബസ് ബേ, എല്ലാ പ്ലാറ്റ്‌ഫോമുകളും ഉൾക്കൊള്ളുന്ന തരത്തിൽ റൂഫിംഗ്, കഫറ്റേരിയ, റസ്റ്റോറന്റുകൾ, മെട്രോ സ്റ്റേഷനിലേക്കു ഫുട്ട് ഓവർ ബ്രിഡ്‌ജ്, പ്ലാറ്റ്‌ഫോമുകൾക്കു മുകളിലായി വിശ്രമകേന്ദ്രം തുടങ്ങിയ സൗകര്യങ്ങളാണു വരിക. അന്താരാഷ്‌ട്ര നിലവാരത്തോട് കിടപിടിക്കുന്ന വിധത്തിലുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടാവും. ഹോട്ടലുകളും വാണിജ്യ സമുച്ചയങ്ങളും ഇതോടൊപ്പം ശുപാർശ ചെയ്തിട്ടുണ്ട്.

48 ഏക്കർ സ്ഥലത്താണ് സൗത്ത് സ്റ്റേഷൻ നിലകൊള്ളുന്നത്. ആറ് പ്ളാറ്റ്‌ഫോമുകളാണുള്ളത്. രണ്ട് പ്രവേശന കവാടങ്ങളും. ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓപ്പറേറ്റ്, ട്രാൻസ്‌ഫർ, (ഡി.ബി.എഫ്.ഒ.ടി) മാതൃകയിലാണ് ടെൻഡർ ലഭിക്കുന്ന കമ്പനി സ്റ്റേഷന്റെ ആധുനികവത്കരണം നടപ്പാക്കേണ്ടത്. മൂന്നു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

സ്റ്റേഷൻ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക്

1.സ്റ്റേഷന്റെ ആധുനികവത്കരണം

2.സ്റ്റേഷന്റെ പ്രവർത്തനത്തിന്റെയും നടത്തിപ്പിന്റെയും ചുമതല

3.സമീപത്തുള്ള റെയിൽവെ ഭൂമി വ്യവസായിക ആവശ്യങ്ങൾക്ക് വികസിപ്പിക്കുക

4.വഴിയാത്രക്കാർക്കും യാത്രാവാഹനങ്ങൾക്കും തടസം ഉണ്ടാകാത്ത വിധത്തിലാകണം സമീപപ്രദേശങ്ങളുടെ വികസനം

5.60 വർഷത്തെ നടത്തിപ്പ് ചുമതല സ്വകാര്യ കമ്പനിക്ക് ലഭിക്കും

ഭൂമിയിൽ നിന്ന് കാശുവാരും
റെയിൽവെയുടെ ഉടമസ്ഥതയിലുള്ള ഉപേക്ഷിക്കപ്പെട്ട നിലയിലെ സ്ഥലങ്ങൾ കണ്ടെത്തി അത് വികസിപ്പിക്കുകയാണ് റെയിൽവെ മന്ത്രാലയത്തിന്റെ കീഴിലുള്ള ആർ.എൽ.ഡി.എയുടെ ദൗത്യം. നിലവിൽ ന്യൂഡൽഹി, എറണാകുളം, തിരുപ്പതി, ഡെറാഡൂൺ, പുതുച്ചേരി ഉൾപ്പെടെ 62 സ്റ്റേഷനുകളാണ് ആർ.എൽ.ഡി.എ ഘട്ടംഘട്ടമായി വികസിപ്പിക്കുന്നത്. ഇതിന്റെ ഉപവിഭാഗമായ ഐ.ആർ.എസ്.ഡി. 61 സ്റ്റേഷനുകളുടെ നവീകരണവും നടത്തും.

രാജ്യമൊട്ടാകെയായി റെയിൽവെയ്ക്ക് 43,000 ഹെക്‌ടർ സ്ഥലമാണുള്ളത്. 82 വാണിജ്യ പ്രദേശങ്ങൾ ആർ.എൽ.ഡി.എ പാട്ടത്തിന് നൽകും. സുതാര്യമായ ലേല പ്രകിയയിലൂടെ അനുയോജ്യരായ ഡെവലപ്പേഴ്സിനെ കണ്ടെത്തും.

റിയൽ എസ്റ്റേറ്റ് മേഖലയെ തുണയ്ക്കും

കേന്ദ്രസർക്കാരിന്റെ സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് രാജ്യമെമ്പാടുമുള്ള സ്റ്റേഷനുകൾ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ആധുനികവത്കരിക്കുന്നത്. സൗത്ത് സ്റ്റേഷൻ ആധുനികവത്കരണം റിയൽ എസ്റ്റേറ്റ് മേഖലയ്ക് നവോൻമേഷം നൽകും.

വേദപ്രകാശ് ദുഡേജ

വൈസ് ചെയർമാൻ

ആർ.എൽ.ഡി.എ