കളമശേരി: കളമശേരി നഗരസഭയിലെ ആദ്യ കൗൺസിൽ യോഗം ബഹളത്തിൽ കലാശിച്ചു. 25ന് നടന്ന ബയോ ഫ്ളോക് മത്സ്യകൃഷിയുടെ വിളവെടുപ്പ് പ്രതിപക്ഷാംഗങ്ങളെ അറിയിക്കാതെയും ആറു വർഷം മുമ്പ് ചെയർമാനായിരുന്ന വ്യക്തിയുടെ ഫോട്ടോ അച്ചടിച്ചതിനെ ചൊല്ലിയുമായിരുന്നു ബഹളം. മത്സ്യക്കൃഷി വിളവെടുപ്പ് നടന്ന ദിവസവും പ്രതിപക്ഷാംഗങ്ങൾ പരസ്യമായി പ്രതിഷേധിക്കുകയും ചെയർപേഴ്‌സൺ തെറ്റുതിരുത്താമെന്നു സമ്മതിക്കുകയും ചെയ്തിരുന്നു. തെരുവിൽ വിളിച്ചു പറഞ്ഞല്ല തെറ്റുകൾ തിരുത്തേണ്ടത്. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് നടത്തുന്ന സർക്കാർ പദ്ധതികൾ രാഷ്ട്രീയ , വ്യക്തിതാത്പര്യങ്ങൾക്കനുസരിച്ച് വളച്ചൊടിക്കരുത്.

ഈ രീതി മേലിൽ ആവർത്തിക്കരുത്. മറുപടി പറയേണ്ടത് കൗൺസിൽ യോഗത്തിലാണെന്നും പ്രതിപക്ഷാംഗങ്ങൾ ചൂണ്ടിക്കാട്ടി. ഹെന്നി ബേബി, പി.എ.അസൈനാർ, ബിന്ദു മനോഹരൻ , പ്രമോദ് തൃക്കാക്കര എന്നിവരാണ് ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്.

ഏകപക്ഷീയമായ നടപടികൾ നിയമാനുസൃതമാണോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം കിട്ടണമെന്ന ആവശ്യം ബി.ജെ.പിയുടെ ഏക കൗൺസിലറായ പ്രമോദ് തൃക്കാക്കര ആവശ്യപ്പെട്ടു. ചെയർപേഴ്സൺ സീമാ കണ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഭരണകക്ഷിക്കുവേണ്ടി പ്രതിരോധിക്കാൻ ഷാജഹാൻ മാത്രമാണ് രംഗത്തുണ്ടായത്.

സംസ്ഥാന സർക്കാരിന്റെ കിഫ്ബി വഴി നടപ്പാക്കുന്ന നിലാവ് പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത കൗൺസിലാണ് ബഹത്തിൽ മുങ്ങിയത്. അതേസമയം വാർഡ് 37 ൽ നിന്നു ജയിച്ചു റഫീക്ക് മരക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.