thomas-issac

തൃശൂർ: കെ.എസ്.എഫ്.ഇയുടെ വിറ്റുവരവ് യു.ഡി.എഫിന്റ കാലത്തുണ്ടായിരുന്ന 29000 കോടിയിൽ നിന്ന് കുത്തനെ ഉയർന്ന്

51000 കോടിയായെന്ന് ധനമന്ത്രി തോമസ് ഐസക് പത്രസമ്മേളനത്തിൽ പറഞ്ഞു.

മൈക്രോചിട്ടികൾ, ലാപ്പ്ടോപ്പ് വിതരണം തുടങ്ങിയവ ഉടൻ കെ.എസ്.എഫ്.ഇയിൽ ആരംഭിക്കും. കെ.എസ്.എഫ്.ഇ, ഐ.എഫ്‌.സി, കേരള ബാങ്ക് തുടങ്ങി ധനകാര്യ സ്ഥാപനങ്ങളെ എങ്ങനെ നാടിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്താം എന്നതാണ് ബഡ്ജറ്റ് മുന്നോട്ടുവച്ചത്.

എല്ലാ ചിട്ടികൾക്കും അത്യാഹിതപരിരക്ഷ ഫെബ്രുവരി ഒന്ന് മുതൽ നടപ്പാക്കും. ഫെബ്രുവരി ഒന്നിനുശേഷം ആരംഭിക്കുന്ന ചിട്ടികളിൽ ചേരുന്ന വരിക്കാർ ചിട്ടിപിടിച്ച ശേഷം ദൗർഭാഗ്യവശാൽ മരണപ്പെടുകയാണെങ്കിൽ 25 ലക്ഷം രൂപ വരേയുള്ള ഭാവിബാദ്ധ്യത കെ.എസ്.എഫ്.ഇ വഹിക്കും. 40ന് മുകളിലെ പ്രായക്കാർക്ക് പത്ത് ലക്ഷം രൂപയാക്കി തുക നിജപ്പെടുത്തിയിട്ടുണ്ട്.

കുടിശിക നിവാരണത്തിനുളള ആശ്വാസ് പദ്ധതിയുടെ കാലപരിധി മാർച്ച് 31 വരെ നീട്ടാനും പുതി​യ മാർക്കറ്റിംഗ് വി​ഭാഗം തുടങ്ങാനും ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചിട്ടുണ്ട്.

കെ.എസ്.എഫ്.ഇ ചിട്ടികൾക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകുമെന്ന് ബഡ്ജറ്റിൽ വ്യക്തമാക്കിയിരുന്നു. വിദ്യാശ്രീ പദ്ധതിയിൽ അംഗങ്ങളായവർക്കുള്ള ലാപ്ടോപ്പ് വിതരണം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ആരംഭിക്കും. വർക്ക് ഫ്രം ഹോം ജോലി​ക്ക് വേണ്ടി​ രണ്ട് വർഷ കാലാവധി​യുള്ള വായ്പ ലഭ്യമാക്കും. ജോലി​ നഷ്ടപ്പെട്ടാൽ പുതി​യ ജോലി​ കി​ട്ടുംവരെയുള്ള കാലയളവി​ൽ തി​രി​ച്ചടവ് ഒഴി​വാക്കി​യും നൽകും.

കേരള ബാങ്ക്, കെ.എസ്.ഐ.ഡി​.സി​, കെ.എഫ്.സി​ എന്നി​വർക്കൊപ്പം ചേർന്ന് വെഞ്ച്വർ കാപ്പി​റ്റൽ ഫണ്ടും രൂപീകരി​ക്കും. പുറമേ നി​ന്ന് നി​ക്ഷേപം ആകർഷി​ക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് മാച്ചിംഗ് ഫണ്ടും നൽകും.

പ്രവാസിചിട്ടി വഴി ലഭിക്കുന്ന കിഫ്ബി നിക്ഷേപം ആയിരം കോടി രൂപയാക്കി ഉയർത്തും. കുടിശികനിവാരണ പദ്ധതികൾ തുടരാനും പ്രവാസിമലയാളികൾക്ക് മുൻഗണന നൽകി മൂവായിരം ബിസിനസ് പ്രൊമോട്ടർമാരെ നിയമിക്കാനും പദ്ധതിയുണ്ട്. പുതി​യ മാർക്കറ്റിംഗ് വി​ഭാഗവും ആരംഭി​ക്കും. കെ.എസ്.എഫ്.ഇ. മാനേജിംഗ് ഡയറക്ടർ വി.പി. സുബ്രഹ്മണ്യനും, ഡി.ജി.എം (ആർ.ആർ ) എ. പ്രമോദനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

സ്മാർട്ട് കി​ച്ചൺ​ പദ്ധതി​

വീട്ടമ്മമാർക്കായി​ ഗൃഹോപകരണങ്ങൾ വാങ്ങാനായി​ കുറഞ്ഞ പലി​ശയ്ക്ക് സ്മാർട്ട് കി​ച്ചൺ​ വായ്പാ പദ്ധതി​ക്ക് തുടക്കം കുറി​ക്കും. പലി​ശ ഭാരം ഗുണഭോക്താവും തദ്ദേശ സ്വയംഭരണ സ്ഥാപനവും സർക്കാരും ചേർന്നാണ് വഹി​ക്കുക. കുടുംബശ്രീ മുഖേനയുള്ള അപേക്ഷകയ്ക്ക് ജാമ്യവും വേണ്ട.