കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിനു കീഴിലുള്ള കോലഞ്ചേരിയിലെ ടാക്‌സി സ്റ്റാൻഡ് പുനർനിർമ്മാണത്തെ ചൊല്ലി കോലഞ്ചേരി കോൺഗ്രസിൽ കലഹം തുടങ്ങി. ഇതോടൊപ്പം പ്രശ്നം സഭ തർക്കത്തിന്റെ വഴിയിലേയ്ക്കും നീങ്ങി. ത്രിതല തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ടൗണിൽ വർഷങ്ങളായുള്ള സ്റ്റാൻഡ് പുനർ നിർമ്മാണത്തിന്റെ പേരിൽ പൊളിച്ചു നീക്കിയത്. എം.എൽ.എ ഫണ്ടുപയോഗിച്ച് ഓപ്പൺ എയർ സ്റ്റേഡിയമടക്കം നിർമ്മിക്കാനായിരുന്നു പദ്ധതി. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാൻ വൈകിയതോടെ പൂതൃക്ക പഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതി പഞ്ചായത്ത് ഫണ്ടുപയോഗിച്ചും, പൊതുജനങ്ങളിൽ നിന്ന് പണം സ്വരൂപിച്ചും,സ്റ്റാൻഡ് പുനർനിർമ്മിക്കാൻ തീരുമാനിച്ചു. എന്നാൽ ഇതിനായി തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നറിയിപ്പില്ലാതെ നിർത്തി വച്ചിരിക്കുകയാണ്. പണി തുടങ്ങണമെന്ന വാദവുമായി കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തുള്ളപ്പോൾ പണി തുടങ്ങിയാൽ നിയമ സഭ തിരഞ്ഞെടുപ്പിലെ വോട്ടിംഗിനെ ബാധിക്കുമെന്ന മറു വാദവുമായി എതിർ വിഭാഗം രംഗത്തുണ്ട്.
കോലഞ്ചേരിയുടെ ശില്പി എന്നറിയപ്പെടുന്ന പി.എം.പൈലിപ്പിള്ളയുടെ നാമധേയത്തിലാണ് സ്റ്റാൻഡ് അറിയപ്പെട്ടിരുന്നത്. ഇവിടെ 1978 പൈലിപ്പിള്ളിയുടെ നാമധേയത്തിൽ സ്ഥാപിച്ചിരുന്ന ശിലാഫലകം നശിപ്പിച്ചതാണ് പ്രശ്നം സഭാ തർക്ക വഴിയിലേയ്ക്ക് നീങ്ങിയത്. ഏറെ നാൾ സഭ തർക്കത്തിൽ കിടന്ന സെന്റ് പീറ്റേഴ്സ് സ്കൂളിന്റെ വികസന പ്രവർത്തനങ്ങളുമുയി ബന്ധപ്പെട്ട് റോഡിന് വീതി കൂട്ടി നിർമ്മിക്കുന്നതിന്റെ മറവിൽ സ്റ്റാൻഡ് പൊളിച്ചു നീക്കിയെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. സ്കൂളിന്റെ സ്ഥലമാണെന്നും താത്കാലീകമായി സ്റ്റാൻഡു നിർമ്മാണത്തിന് നേരത്തെ വിട്ടു നല്കിയിരുന്നതാണെന്ന് മറു വിഭാഗവും പറയുന്നു.
ഈ ടാക്സി സ്റ്റാൻഡിന്റെ അകത്താണ് പൊലീസ് എയ്ഡ് പോസ്റ്റ്, ഇരു ചക്രവാഹന പാർക്കിംഗ്, ജീപ്പ് സ്റ്റാൻഡ് , യാത്രക്കാരുടെ ബസ് കാത്തിരുപ്പ് കേന്ദ്രം എന്നിവ പ്രവർത്തിച്ചിരുന്നത്. തിരഞ്ഞെടുപ്പ് ആസന്നമായ സമയത്ത് ഇരു സഭകളെയും താൽക്കാലികമായി കൂടെ നിർത്തി വോട്ട് തട്ടാനുള്ള എം.എൽ.എ യുടെ കുതന്ത്രമാണ് പ്രശ്നങ്ങൾക്കു പിന്നിലെന്നും സി.പി.എമ്മും ആരോപിക്കുന്നു.ഓപ്പണെയർ സ്റ്റേഡിയമടക്കം നിർമ്മിച്ച് കോലഞ്ചേരിയിൽ പൈലിപ്പിള്ള നിർമ്മിച്ച കാർട്ട് സ്റ്റാൻഡ് നിലനിർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.