കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര ഫെബ്രുവരി 11, 12 തിയതികളിൽ ജില്ലയിലെത്തും. ജാഥയുടെ മുന്നൊരുക്കങ്ങൾക്ക് ജില്ലാ യു.ഡി.എഫ് നേതൃയോഗം ചേർന്നു. ജില്ലയിലെ 10 നിയോജകമണ്ഡലങ്ങളിലാണ് ജാഥ പര്യടനം നടത്തുക. ജില്ലയിലെ ആദ്യദിനമായ ഫെബ്രുവരി 11ന് വൈകിട്ട് എറണാകുളം മറൈൻഡ്രൈവിലെ ഹെലിപ്പാഡിലാണ് പൊതുസമ്മേളനം.വൈപ്പിൻ, കൊച്ചി, തൃക്കാക്കര, എറണാകുളം നിയോജകമണ്ഡലങ്ങളിലെ പ്രവർത്തകർ ജാഥകയായി സമ്മേളനസ്ഥലത്തെത്തും. രണ്ടാം ദിവസത്തെ പൊതുസമ്മേളനം കോതമംഗലത്ത് നടക്കും. ഓരോ നിയോജക മണ്ഡലത്തിലെയും പര്യടനപരിപാടിയുടെചുമതല ഏറ്റെടുത്തു. യാത്രക്ക് മുന്നോടിയായ മണ്ഡലം യു.ഡി.എഫ് യോഗങ്ങൾ ഫെബ്രുവരി 1, 2, 3 തീയതികളിലായി നടക്കും.
യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡോമിനിക് പ്രസന്റേഷൻ അദ്ധ്യക്ഷനായി. കളമശേരിയിലെ കാൻസർ ആശുപത്രിയുടെ നിർമാണം നിറുത്തിവച്ച സർക്കാർ നടപടിയിൽ യോഗം പ്രതിഷേധിച്ചു. നിർമ്മാണത്തിലെ അഴിമതിക്കെതിരെ സമരം നടത്താനും തീരുമാനിച്ചു. യോഗത്തിൽ എം.പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് എം.എൽ.എ., എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, എൽദോസ് കുന്നപ്പള്ളി, യു.ഡി.എഫ് നേതാക്കളായ കെ. ബാബു, കെ.പി. ധനപാലൻ, വി.ജെ. പൗലോസ്, അബ്ദുൽ മജീദ്, അബ്ദുൾ മുത്തലിബ്, എൻ. വേണുഗോപാൽ, ജില്ലാ കൺവീനർ ഷിബു തെക്കുംപുറം,ജോർജ് സ്റ്റീഫൻ, പി. രാജേഷ്, ഇ.എം. മൈക്കിൾ, രാജു പാണാലിക്കൽ, ജെ.വി. ഭട്ട്, പ്രസാദ് തൊടിയിൽ, ദീപ്തി മേരി വർഗീസ് എന്നിവർ പ്രസംഗിച്ചു.