കൊച്ചി: ഇടപ്പള്ളി റെയിൽവേ അണ്ടർപാസ് നിർമ്മാണം ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാക്കും. 2.5 മീറ്റർ ഉയരവും നാലു മീറ്റർ വീതിയുമാണ് അണ്ടർപാസിനുള്ളത്. ഇതിൽ ഒരു മീറ്ററിൽ നടപ്പാതയും നിർമ്മിക്കും. ഭാവിയിൽ പൈപ്പ്‌ലൈനുകളും മറ്റും സ്ഥാപിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ആലോചിക്കുന്നുണ്ട്. അണ്ടർ പാസിനകത്ത് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിരുന്നില്ല, അതിന് വേണ്ടുന്ന നടപടികൾ പി.ഡബ്‌ള്യു.ഡി ഇലക്ട്രിക്കൽ വിഭാഗവുമായി ആലോചിച്ച് തീരുമാനിക്കും. നിർമ്മാണപ്രവർത്തനങ്ങൾ വിലയിരുത്താൻ ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ എം.എൽ.എമാരായ പി.ടി. തോമസ്, ടി.ജെ. വിനോദ് എന്നിവർ പദ്ധതി പ്രദേശം സന്ദർശിച്ചു. റെയിൽവെ കൺസ്ട്രക്ഷൻസ് ഡെപ്യൂട്ടി ചീഫ് എൻജിനീയർ ചാക്കോ ജോർജ്, വാട്ടർ അതോറിറ്റി ജനറം പ്രൊജക്ട് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ സിന്ധു സി. നായർ തുടങ്ങിയവരും ജനപ്രതിനിധികൾക്കൊപ്പം എത്തിയിരുന്നു.

 ചരിത്രം
ഇടപ്പള്ളി മേല്പാലം യാഥാർത്ഥ്യമായതോടെ 2012ലാണ് ഇടപ്പള്ളി ചേരാനല്ലൂർ പഴയ റോഡിലെ റെയിൽവേ ഗേറ്റ് അടയ്ക്കുന്നത്. ഇതോടെ പ്രദേശവാസികൾ ദുരിതത്തിലായി. അമൃത ആശുപത്രിയിലേക്ക് ദിവസേന പോകുന്നവർക്കും കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വന്നു. ക്ഷേത്രങ്ങൾ, പള്ളികൾ തുടങ്ങിയവയും വളരെ ദൂരത്തിലായി. പ്രദേശവാസികൾ ഭൂമിശാസ്ത്രപരമായി വിഭജിച്ച് പോയി. ഇതോടെയാണ് അടിപ്പാത എന്ന ആവശ്യം ശക്തമായത്.

 2016 ൽ തുടക്കം
2016 -17 സാമ്പത്തിക വർഷത്തിലാണ് അന്ന് എം.എൽ.എയായിരുന്ന ഹൈബി ഈഡനും തൃക്കാക്കര എം.എൽ.എ പി.ടി. തോമസും ആസ്തിവികസന ഫണ്ടിൽ നിന്നും യഥാക്രമം 1.16 കോടിയും 1.25 കോടിയും അനുവദിച്ചു. എം.പിയായിരുന്ന പ്രൊഫ.കെ.വി. തോമസ് എം.പി ഫണ്ടിൽ നിന്നും ഒരു കോടി രൂപയും അനുവദിച്ചു. റയിൽവെയുടെ എൻജിനീയറിംഗ് വിഭാഗം നടത്തേണ്ട പ്രവൃത്തിയായതിനാൽ തുക മുൻകൂറായി അടയ്ക്കേണ്ടി വന്നു. റെയിൽവെയ്ക്ക് തുക കൈമാറിയതിന് ശേഷവും സാങ്കേതികപ്രശ്‌നങ്ങൾ മൂലം പദ്ധതി വീണ്ടും വൈകി.

 വിഷയം പാർലമെന്റിൽ

ഒടുവിൽ ഹൈബി ഈഡൻ എം.പി വിഷയം പാർലമെന്റിൽ ഉന്നയിച്ചു. മൺസൂൺ കാലമായതിനാലാണ് പദ്ധതി നടപ്പിലാക്കാൻ കഴിയാതിരുന്നതെന്നും അമിതമായ വെള്ളക്കെട്ട് ഈ പ്രദേശത്ത് ഉണ്ടായിരുന്നതായും കഴിഞ്ഞ ജനുവരിയിൽ പദ്ധതി ആരംഭിക്കുമെന്നും കേന്ദ്ര റയിൽവേ മന്ത്രി പിയൂഷ് ഗോയൽ ഹൈബി ഈഡൻ എം.പിക്ക് മറുപടി നൽകി. ഇതോ‌ടെയാണ് പദ്ധതി യാഥാർത്ഥ്യമായത്.